പ്രതിഷേധങ്ങളെല്ലാം മുൻകൂട്ടിക്കണ്ടും കൃത്യമായ ബോധ്യത്തോടെയുമാണ് സര്‍ക്കാര്‍ ശ്രീറാമിനെ കലക്ടറാക്കിയത്-കേരള മുസ്‌ലിം ജമാഅത്ത്
|''മുഖ്യമന്ത്രിയെ ഈ വിഷയത്തിലടക്കം പല കാര്യത്തിലും പുകഴ്ത്തിയിട്ടുണ്ട്. ബഷീറിനു വേണ്ടി നിയമസഭയ്ക്കകത്തും പുറത്തും സംസാരിച്ചതിനെയെല്ലാം അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ, പിഴവ് സംഭവിച്ചത് പറയും''
തിരുവനന്തപുരം: കൃത്യമായ ബോധ്യത്തോടെയും പ്രതിഷേധങ്ങളെല്ലാം മുൻകൂട്ടിക്കണ്ടും തന്നെയാണ് സർക്കാർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ. ശ്രീറാം മദ്യപിച്ച് ബഷീറിനെ ഇടിച്ചുകൊന്നുവെന്ന കാര്യം മുഖ്യമന്ത്രി നേരിട്ട് വാർത്താസമ്മേളനത്തിൽ പൊതുസമൂഹത്തോട് പറഞ്ഞതാണ്. സർക്കാരിനുമേൽ വലിയ ബാഹ്യസമ്മർദം വന്നതുകൊണ്ടായിരിക്കും ഈ നിയമനമെന്നും നേതാക്കള്‍ പറഞ്ഞു.
''സസ്‌പെൻഡ് ചെയ്ത ശേഷം ശ്രീറാമിനെതിരെ വകുപ്പുതല അന്വേഷണം നടന്നിരുന്നു. അന്വേഷണസംഘത്തിൽനിന്ന് ഒരു തെളിവും ശേഖരിക്കാതെ ശ്രീറാമിനെ വെള്ളപൂശിക്കൊണ്ടുള്ള തീർത്തും പ്രസഹനകരമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കുകയും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രമോഷനോടെ നിയമിക്കുകയും ചെയ്തന്നത്.'' സിറാജ് മാനേജ്‌മെന്റ് പ്രതിനിധി സൈഫുദ്ദീൻ ഹാജി ചൂണ്ടിക്കാട്ടി.
മ്ലേച്ഛവും മനുഷ്യത്വപരവുമായ നിയമനമാണിത്. ബഷീറിനോടുള്ള അമിതമായ വാത്സല്യവും ശ്രീറാമിനോടുള്ള വ്യക്തിവിദ്വേഷവും വൈരാഗ്യവുമില്ല പ്രതിഷേധത്തിനു പിന്നിൽ. ഐ.എ.എസുകാർ എന്തു ചെയ്താലും ഭരണകൂടത്തിന് അവരെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും പാവപ്പെട്ടവർക്ക് മാത്രമാണ് രാജ്യത്തെ നിയമങ്ങൾ ബാധകമായിട്ടുള്ളത് എന്നുമുള്ള ഏറ്റവും അശ്രീകരമായ സന്ദേശമായിരിക്കും സമൂഹത്തിൽ ഇതുകാരണം കൈമാറപ്പെടുക-സിറാജ് മാനേജ്‌മെന്റ് പ്രതിനിധി കൂടിയായ സൈഫുദ്ദീൻ ഹാജി ചൂണ്ടിക്കാട്ടി.
''സർക്കാരിന് ബോധ്യമില്ലാതെയാണ് ഇത് ചെയ്യുന്നതെന്ന് ഞങ്ങൾ കരുതുന്നില്ല. ഞങ്ങളുടെ സമ്മർദത്തെക്കാളും വലിയ സമ്മർദം വന്നിരിക്കും. നിയമം അറിയാത്തവരാണ് ചീഫ് സെക്രട്ടറിയെന്ന് ധരിച്ചാൽ നമ്മൾ മണ്ടന്മാരാകും. ശ്രീറാം മദ്യപിച്ച് ബഷീറിനെ ഇടിച്ചുകൊന്നുവെന്ന കാര്യം മുഖ്യമന്ത്രി നേരിട്ട് വാർത്താസമ്മേളനത്തിൽ പൊതുസമൂഹത്തോട് പറഞ്ഞതാണ്. ആര് അല്ലെന്നു പറഞ്ഞാലും തങ്ങൾക്ക് അതേക്കുറിച്ച് ബോധ്യമുണ്ടെന്നും പറഞ്ഞു. നിയമസഭയിലും മുഖ്യമന്ത്രിയുടെ പ്രതികരണം ആശാവഹമായിരുന്നു. അതിലൊക്കെ പ്രതീക്ഷവച്ചിരുന്നു. എന്നാൽ, ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഒട്ടും ആശ്വാസമില്ല.''
''ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാക്കിയ സമയത്ത് ഒരു അവലോകനയോഗത്തിൽ ശൈലജ ടീച്ചർക്ക് തൊട്ടടുത്ത് നിൽക്കുന്ന ചിത്രം നേരത്തെ പുറത്തുവന്ന ശേഷം സർക്കാർ പിൻവലിച്ചിരുന്നു. അപ്പോൾ ഇദ്ദേഹത്തെ ജനങ്ങൾ എങ്ങനെയാണ് കാണുന്നത് എന്നതിനെക്കുറിച്ച് സർക്കാരിന് ബോധ്യമുണ്ട്. പ്രതിഷേധമൊക്കെ വരുമെന്ന് മുൻകൂട്ടിക്കണ്ടു തന്നെയാണ് ഈ നിയമനം.''
കള്ളന്റെ കൈയിൽ താക്കോൽ ഏൽപിച്ചതിനു പോലെയാണ് സെഷൻസ് കോടതിയിൽ ഒന്നാം പ്രതിയായി കൊലക്കുറ്റത്തിനും തെളിവ് നശിപ്പിച്ചിതിനും പ്രതിയായയാളാണ് അവിടെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കേണ്ട, കാപ്പ ചുമത്തേണ്ട, ജില്ലയിലെ മുഴുവൻ ക്രമസമാധാന കാര്യങ്ങളുടെയും മേൽനോട്ടം വഹിക്കേണ്ട ആളെന്നത് എല്ലാവർക്കും നാണക്കേടാണ്. ബംഗ്ലാവും പൊലീസ് സുരക്ഷയും വാഹനവും എല്ലാമുള്ള ആളാണ്. ശ്രീറാമിനെ ഗ്ലോറിഫൈ ചെയ്ത് ജില്ലാ കലക്ടറാക്കുന്നത് പൊതുസമൂഹത്തോട് ചെയ്യുന്ന അനീതിയാണെന്നും സൈഫുദ്ദീൻ ഹാജി വിമർശിച്ചു.
ക്രിമിനൽ കേസിൽ പ്രതിയായ ഒരാളെ പ്രമോട്ട് ചെയ്യാൻ പാടില്ലെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ബാധകമായ നിയമമുണ്ട്. ആ സമയത്ത് എല്ലാവരും പ്രതിഷേധിക്കുകയും കത്തുനൽകുകയും ചെയ്തിരുന്നു. അന്ന് സർക്കാർ പറഞ്ഞത് കോവിഡ് മഹാമാരിയാണ്, ഹാർവാഡിൽനിന്ന് പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടറാണ് ശ്രീറാം. അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്തണം എന്നൊക്കെയായിരുന്നു. സെക്രട്ടറിയേറ്റിൽ മാത്രമായിരിക്കും ജോലി. പൊതുസമൂഹവുമായി ഇടപെട്ട് പ്രവർത്തിക്കില്ല എന്നൊക്കെ പറഞ്ഞ് ആ നിയമനത്തെ സാധൂകരിക്കാനുള്ള ശ്രമമാണ് അന്ന് നടന്നിരുന്നത്. എന്നാൽ, ഇപ്പോൾ നടക്കുന്നത് ആലപ്പുഴ ജില്ലാ കലക്ടറായുള്ള നിയമനമാണ്. അടുത്തിടെ ആലപ്പുഴ കലക്ടറായ ഭാര്യയെ തൊട്ടടുത്തുള്ള എറണാകുളത്തേക്കു മാറ്റി വളരെ സൗകര്യപ്രദമായി നിയമിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''കുറ്റകൃത്യത്തിൽ ഏർപ്പെടുകയോ വകുപ്പുതല അന്വേഷണം നേരിടുകയോ ക്രിമിനൽ കേസിൽ പ്രതിയാകുകയോ സ്വഭാവദൂഷ്യത്തിന് നിരീക്ഷണത്തിന് വിധേയരാകുകയോ ചെയ്യുന്ന ഘട്ടത്തിൽ സ്ഥാനക്കയറ്റം നൽകാൻ പാടില്ലെന്ന് സിവിൽ സർവീസ് ചട്ടത്തിൽ പറയുന്നുണ്ട്. കുറ്റവിമുക്തനാക്കപ്പെടുന്നതുവരെ പ്രമോഷൻ നൽകരുതെന്നാണ് പറയുന്നത്. വകുപ്പുതല അന്വേഷണം നേരിടുന്ന, ക്രിമിനൽ കേസിൽ പ്രതിയായ ആളാണെന്ന് ബോധ്യപ്പെട്ടാൽ ആ റിപ്പോർട്ട് സീൽ ചെയ്ത കവറിലാക്കി പ്രത്യേകമായി സൂക്ഷിച്ച് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം പരിശോധിച്ച് മെറിറ്റിൽ അയാൾക്ക് നൽകേണ്ട പ്രമോഷൻ കൊടുക്കാമെന്നാണ് നിയമം. എന്നാൽ, ഈ നിയമങ്ങളെല്ലാം ലംഘിച്ചാണ് ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്. എന്നിട്ട് സിവിൽ സർവീസിലുള്ളവരുടെ സ്വാഭാവിക പ്രമോഷനും സ്ഥാനമാറ്റവും നിയമനവുമാണെന്നു പറയുകയും ചെയ്യുന്നു.''
ആർ.എസ്.എസിന്റെ ഇടപെടലുണ്ടെന്ന കാര്യത്തിൽ നേരിട്ട് ബോധ്യമില്ലാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു. ബഷീറിന്റെ വിഷയത്തിൽ മൂന്നു വർഷമായി ഒറ്റക്കെട്ടായാണ് പൊതുസമൂഹം നിൽക്കുന്നത്. അതിൽ വിള്ളലുണ്ടാക്കുന്ന ഒരു അഭിപ്രായ പ്രകടനത്തിനും ഞങ്ങളില്ല. മുഖ്യമന്ത്രിയെ ഈ വിഷയത്തിലടക്കം പല കാര്യത്തിലും പുകഴ്ത്തിയിട്ടുണ്ട്. ബഷീറിനു വേണ്ടി നിയമസഭയ്ക്കകത്തും പുറത്തും സംസാരിച്ചതിനെയെല്ലാം അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ, പിഴവ് പറയുകയും ചെയ്യും. തെറ്റ് തിരുത്തിയാൽ അഭിനന്ദിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീറാമിന്റെ നിയമനത്തിനെതിരെ 'സിറാജ്' പത്രം മാനേജ്‌മെന്റും കേരള മുസ്്‌ലിം ജമാഅത്തും നാളെ 14 ജില്ലകളിലും പ്രതിഷേധ റാലി നടത്തുകയാണ്. എല്ലാ ജില്ലകളിലും കലക്ടറേറ്റിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലും പ്രതിഷേധ റാലി നടക്കും. സിദ്ദീഖ് സഖാഫി നേമം, ജാബിർ ഫാളിലി നടയറ, ആലങ്കോട് ഹാഷിം ഹാജി എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.
Summary: ''Kerala government was very conscious in its appointment of Sriram Venkitaraman as Alappuzha Collector'', alleges Kerala Muslim Jama'at leaders