Kerala
Sriram Venkitaraman
Kerala

ശ്രീരാം വെങ്കിട്ടരാമനെ ദുരിതാശ്വാസ നിധി പ്രശ്‌ന പരിഹാര സെല്ലിന്റെ ചുമതല നൽകിയത് നിയമവാഴ്ചയോടുള്ള ധിക്കാരം: കേരള മുസ്‌ലിം ജമാഅത്ത്

Web Desk
|
6 Aug 2024 8:11 AM GMT

വിശ്വാസ്യതയില്ലാത്ത ഇത്തരം കുറ്റാരോപിതരെ ഉയർന്ന തലങ്ങളിൽ നിയമിക്കാനുള്ള സർക്കാറിൻ്റെ നീക്കം പൊതുജന പ്രതിഷേധമുയർത്തും

മലപ്പുറം: മാധ്യമപ്രവർത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യാകുറ്റം ചാർത്തിയ ശ്രീറാം വെങ്കിട്ടരാമനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പരാതി പരിഹാര സെല്ലിൻ്റെ ചുമതല നൽകിയതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി.

സർക്കാർ നടപടി അത്യന്തം ഹീനവും നിയമവാഴ്ചയോടുള്ള ധിക്കാരവുമാണെന്ന് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിവാദങ്ങളുടെ തോഴനും നിരന്തരം കളവ് പറഞ്ഞ് വിശ്വാസ്യതയുടെ പൊടി പോലുമില്ലാത്ത ഇയാളെ സമൂഹം ഏറെ ഗൗരവത്തോടെ കാണുന്ന ധനകാര്യവകുപ്പിലെ ഇത്തരം ചുമതലയേൽപ്പിക്കുന്നത് ഉചിതമാണോയെന്ന് സർക്കാർ ആലോചിക്കണം. ഇയാളെ തലപ്പത്തിരുത്തിയാൽ ഒരു രൂപയെങ്കിലും അധികം കിട്ടുമോ എന്നും കമ്മിറ്റി ചോദിച്ചു.

വിശ്വാസ്യതയില്ലാത്ത ഇത്തരം കുറ്റാരോപിതരെ ഉയർന്ന തലങ്ങളിൽ നിയമിക്കാനുള്ള സർക്കാറിൻ്റെ നീക്കം പൊതുജന പ്രതിഷേധമുയർത്തുമെന്നതിൽ സംശയമില്ല. ഇത്തരം സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതിലൂടെ നിയമ ലംഘകരെയും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നവർക്ക് ഓശാന പാടുന്ന വിധത്തിലാണ് സർക്കാർ പെരുമാറുന്നത്. സത്യസന്ധതയോടെയും നീതിപൂർവമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണിതെന്നും കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഇദ്ദേഹത്തെ ഉടൻ ഈ സ്ഥാനത്ത് നിന്നും മാറ്റണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Similar Posts