മലപ്പുറത്തിന്‍റെ സൗഹാർദാന്തരീക്ഷം തകർക്കാനുള്ള സംഘ പരിവാർ ഗൂഢ നീക്കത്തെ ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കണം: കേരള മുസ്ലിം ജമാഅത്ത്
|''ദേശ സ്നേഹികൾക്കായി ചോക്കാടും പൂക്കോട്ടുരും സ്മാരകമുയരുന്നത് നാടിനഭിമാനമാണ്. അത് സാക്ഷാത്ക്കരിക്കാനും പിന്തുണയേകാനും മുഴുവൻ മനുഷ്യ സ്നേഹികളും രംഗത്തിറങ്ങണം"
രാജ്യത്തിന്‍റെ മോചനത്തിനായി നടത്തിയ പോരാട്ടങ്ങളെയും സമര നായകരെയും തള്ളിപ്പറയുന്ന സംഘ പരിവാർ ശക്തികൾ ചരിത്രത്തെ അട്ടിമറിക്കുകയാണെന്ന് കേരള മുസ്ലിം ജമാഅത്ത്. മലപ്പുറം ജില്ലയുടെ പ്രധാന ഭാഗങ്ങളിൽ തലയുയർത്തി നിൽക്കുന്ന ടൗൺഹാളും വാഗൺ കൂട്ടക്കൊല സ്മാരകങ്ങളും ആലി മുസ്ലിയാരുടെയും പൂക്കാട്ടൂർ രക്തസാക്ഷികളുടെയും ധീരസ്മരണകളും വൈദേശിക ശക്തികളോട് ഏറ്റുമുട്ടിയ ധീര പാരമ്പര്യത്തിന്‍റെ ജ്വലിക്കുന്ന ഏടുകളായി കാലങ്ങളായി ജില്ലയിലുള്ളതാണ്.
അത്തരത്തിലുള്ള ദേശ സ്നേഹികൾക്കായി ചോക്കാടും പൂക്കോട്ടുരും സ്മാരകമുയരുന്നത് നാടിനഭിമാനമാണ്. അത് സാക്ഷാത്ക്കരിക്കാനും പിന്തുണയേകാനും മുഴുവൻ മനുഷ്യ സ്നേഹികളും രംഗത്തിറങ്ങണം. വിഭാഗീയതയും വിദ്വേഷവും സൃഷ്ടിച്ച് നാടിന്‍റെ സ്വാസ്ഥ്യം കെടുത്താനുള്ള വർഗിയ കക്ഷികളുടെ നീക്കത്തെ ശക്തമായി നേരിടാൻ നിയമപാലകർ ജാഗ്രത പാലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയും ജനറൽ സെക്രട്ടറി പി.എം. മുസ്തഫ കോഡൂരും ഫിനാൻസ് സെക്രട്ടറി എം.എൻ കുഞ്ഞഹമ്മദ് ഹാജിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാൽ തകർക്കാൻ ലോകത്തിലെ മുഴുവൻ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല രംഗത്തെത്തിയിരുന്നു. 1921ലെ ഹിന്ദുവംശഹത്യക്ക് നേതൃത്വം നൽകിയവർക്ക് സ്മാരകം പണിയാനുള്ള നീക്കത്തിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിൻമാറമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ ഭീഷണി. മലപ്പുറം ജില്ലയിൽ 26 ശതമാനം മാത്രം വരുന്ന ഹിന്ദുക്കൾ ശത്രുക്കളാണോ എന്ന് ശശികല ചോദിച്ചു. ഇതിനു മറുപടി പറയേണ്ടത് പോപുലർ ഫ്രണ്ടുകാരനോ സുഡാപ്പിക്കാരനോ ഐ.എസുകാരനോ അല്ലാ പാണക്കാട് തങ്ങളടക്കമുള്ള മതനേതൃത്വമാണെന്നും ശശികല പറഞ്ഞു.