'സ്ത്രീ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, പുരുഷ അക്കൗണ്ടിൽ കൂടുതലും സ്ത്രീകൾ'.. വ്യാജന്മാരെ കണ്ടെത്താന്‍ 7 വഴികളുമായി കേരള പൊലീസ്
|പരിചയമില്ലാത്ത പ്രൊഫൈലുകളിൽ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകൾക്ക് തമാശയ്ക്ക് പോലും മറുപടി നൽകരുതെന്ന് കേരള പൊലീസ്
നവ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. തമാശക്ക് തുടങ്ങുന്ന വ്യാജ പ്രൊഫൈലുകൾ മുതൽ സ്വന്തം പ്രൊഫൈലിൽ നിന്ന് പലയിടത്തും കമന്റ് ഇടാൻ മടിച്ച് അതിനു വേണ്ടി ഉണ്ടാക്കുന്ന വ്യാജ പ്രൊഫൈലുകൾ മാത്രമല്ല തട്ടിപ്പിനും സ്ത്രീപീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കേരള പൊലീസ് ഓര്‍മിപ്പിക്കുന്നു.
വിദ്യാർഥികളുടെ ഫേസ്ബുക്ക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിച്ച് അവർക്ക് വേണ്ട നിർദേശങ്ങൾ നൽകണം. ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുരുക്കിലാകും. പരിചയമില്ലാത്ത പ്രൊഫൈലുകളിൽ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകൾക്ക് തമാശയ്ക്ക് പോലും മറുപടി നൽകരുത്. ഒരുപക്ഷെ നമ്മെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നും കേരള പൊലീസ് ഓര്‍മിപ്പിക്കുന്നു.
വ്യാജ പ്രൊഫൈൽ തിരിച്ചറിയാന്‍ ചില വഴികൾ
1. പ്രൊഫൈൽ ചിത്രം ആൽബത്തിൽ ആകെ ഒരു പ്രൊഫൈൽ ഫോട്ടോ മാത്രം ഉള്ളൂവെങ്കിൽ വ്യാജനായിരിക്കാനുള്ള ചാൻസുണ്ട്. പ്രൊഫൈൽ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കിൽ ഫേക്കിന് സാധ്യത കൂടുതലാണ്. പ്രൊഫൈൽ ഇമേജ് ആൽബത്തിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ആയിരിക്കും കൂടുതൽ. .
2. ടൈം ലൈനും സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ വ്യാജനാകാം.
3. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ വ്യാജന്മാരും ഒരിക്കൽ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാണ്
4. അടുത്തകാലത്തെ ആക്റ്റിവിറ്റികൾ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിൻ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകൾ വ്യാജനായിരിക്കാം.
5. ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്.
6. ജനന തീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളിൽ ഗൗരവമല്ലാത്ത രീതിയിൽ മറുപടി കൊടുത്തിരിക്കുന്ന പ്രൊഫൈൽ ആണെങ്കിൽ ശ്രദ്ധിക്കുക
7. സാധാരണയായി ഭൂരിഭാഗം പെൺകുട്ടികളും ഫോൺ നമ്പർ ചേർക്കാറില്ല, പ്രൊഫൈലിൽ പരസ്യമായി ഇടാറില്ല. പെൺകുട്ടികളുടെ പേരും ചിത്രവും അടങ്ങിയ പ്രൊഫൈലിൽ ഫോൺ നമ്പർ പരസ്യമായി കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു വ്യാജൻ ആകാനാണ് സാധ്യത.
നവ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാർ. ഒരു തമാശക്ക് തുടങ്ങുന്ന...
Posted by Kerala Police on Wednesday, July 28, 2021