ഗവർണറെ തള്ളി പൊലീസും; 'സ്വർണം നിരോധിത സംഘടനകൾക്ക് എത്തുന്നെന്ന് പറഞ്ഞിട്ടില്ല'
|ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് മാധ്യമങ്ങളെ കാണുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു പരാമർശം നടത്തിയത്.
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തള്ളി കേരള പൊലീസും. വിമാനത്താവളങ്ങൾ വഴി കടത്തുന്ന സ്വർണം നിരോധിത സംഘടനകൾക്ക് എത്തുന്നുവെന്ന പരാമർശം പൊലീസ് വെബ്സൈറ്റിൽ ഇല്ലെന്ന് സേന അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിന്റെയും പണത്തിന്റെയും കണക്കു മാത്രമാണ് സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് മാധ്യമങ്ങളെ കാണുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു പരാമർശം നടത്തിയത്. പൊലീസ് വെബ്സൈറ്റിലെ ചില കണക്കുകൾ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ പ്രതികരണം. എന്നാൽ ഇത് തള്ളിയാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടേതായി വന്ന പരാമർശങ്ങളിൽ സംസ്ഥാന സർക്കാരിനെയാകെ പ്രതിസന്ധിയിലാക്കാൻ ഗവർണർ നീങ്ങുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎമ്മിന്റേയും സർക്കാരിന്റേയും തീരുമാനം. ഈ സാഹചര്യത്തിലാണ് ഗവർണറെ തള്ളി പൊലീസും രംഗത്തുവരുന്നത്.
വിവാദമായ മലപ്പുറം സ്വർണക്കടത്ത് പരാമർശത്തിൽ സർക്കാരിന്റെ വീഴ്ച രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഗവർണർ പറഞ്ഞിരുന്നു. അഭിമുഖത്തിൽ മലപ്പുറവുമായി ബന്ധപ്പെട്ട പരാമർശം നടത്തിയില്ലെങ്കിൽ അക്കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയയ്ക്കാനാണ് നീക്കം.
ആരിഫ് മുഹമ്മദ് ഖാൻ പ്രകോപനം തുടർന്നാൽ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. മലപ്പുറം ജില്ലയിൽ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ നടക്കുന്നുണ്ട് എന്നും ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നുമാണ് മുഖ്യമന്ത്രി ഹിന്ദു പത്രത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി പുറത്തുവന്നത്. രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ ഭരണത്തലവനായ തന്നെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന ചോദ്യം ഉന്നയിച്ചായിരുന്നു ഗവർണർ ആദ്യം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
താൻ പറഞ്ഞ കാര്യങ്ങളല്ല പത്രത്തിൽ വന്നതെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി മറുപടിയും നൽകി. ചീഫ് സെക്രട്ടറിയേയും സംസ്ഥാന പൊലീസ് മേധാവിയേയും വിളിപ്പിച്ചു കാര്യങ്ങൾ തിരക്കാനുള്ള ഗവർണറുടെ നീക്കത്തിന് സർക്കാർ തടയിട്ടു. ഇതിന് പിന്നാലെ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കത്ത് യുദ്ധം ആരംഭിച്ചു. തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുന്നതിലുള്ള നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഇന്നലെ തന്നെ മറുപടി നൽകി. എന്നാൽ വിഷയത്തിൽ നിന്ന് വിടാൻ ഗവർണർ തയാറല്ല എന്ന സൂചനയാണ് രാജ്ഭവൻ നൽകുന്നത്.
സർക്കാരിനെ പ്രതിസന്ധിയിൽ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗവർണർ വിമർശനങ്ങൾ തുടരുന്നതെന്നും ഈ രാഷ്ട്രീയ ലക്ഷ്യങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടണമെന്നുമാണ് സിപിഎമ്മിന്റെ തീരുമാനം.