Kerala
പൊലീസ് ജനകീയ സേന; പിഴ ചുമത്തുന്നത് അപരാധമല്ലെന്നും മുഖ്യമന്ത്രി
Kerala

പൊലീസ് ജനകീയ സേന; പിഴ ചുമത്തുന്നത് അപരാധമല്ലെന്നും മുഖ്യമന്ത്രി

Web Desk
|
10 Aug 2021 12:37 PM GMT

പൊലീസ് എന്തു ചെയ്താലും അതിനെ ന്യായീകരിക്കുന്നത് മുഖ്യമന്ത്രിക്കു നല്ലതല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോവിഡ് കാലത്തെ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള പൊലീസ് നടപടികളെ പൂർണമായും ന്യായീകരിച്ച് മുഖ്യമന്ത്രി. പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നും പൊലീസ് ജനകീയ സേനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ പൊലീസിന് ഭ്രാന്ത് പിടിച്ചെന്ന് വിമർശിച്ച പ്രതിപക്ഷം, പൊലീസിന്റെ എല്ലാ തെറ്റിനെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി. കോവിഡിന്‍റെ പേരില്‍‌ പുല്ലരിയാൻ പോകുന്നരേയും നവവരനേയും മത്സ്യക്കച്ചവടക്കാർക്കെതിരേയും പിഴ ചുമത്തുകയാണ് പൊലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

അട്ടപ്പാടി ആദിവാസി ഊരിലെ പൊലീസ് നടപടി ഉദാഹരണമായി പറഞ്ഞാണ് പ്രതിപക്ഷം പൊലീസ് അതിക്രമങ്ങൾക്കെതിരേ ആഞ്ഞടിച്ചത്. അതിരാവിലെ ഊരുകളിലെ കുടിലുകളിലെത്തി മൂപ്പനേയും മകനേയും ഭീകരവാദികളെെ പോലെെ അറസ്റ്റ് ചെയ്തു. പൊലീസ് നരനായാട്ടാണ് അട്ടപ്പാടിയിൽ നടന്നത്. കോവിഡ് കാലത്തെ പിഴ ചുമത്തലിനെയും പ്രതിപക്ഷം ശക്തമായി വിമർശിച്ചു.

എന്നാല്‍ അട്ടപ്പാടി സംഭവത്തിലും മഖ്യമന്ത്രി പൊലീസിനെ പ്രതിരോധിക്കുകയായിരുന്നു. അട്ടപ്പാടിയിൽ കുടുംബ കലഹത്തെ തുടർന്നുള്ള അക്രമം തടയാനാണ് പൊലീസ് ഇടപെട്ടത്. മൂപ്പനും മകനും പൊലീസിനെ ആക്രമിച്ചു പരിക്കേല്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞ. അട്ടിപ്പായിലേതു മാത്രമല്ല, പൊലീസിനെതിരേയുള്ള ആരോപണങ്ങള്‍ക്കു പുറമെ, പ്രതിപക്ഷ വിമർശനങ്ങളെയാകെ മുഖ്യമന്ത്രി തള്ളിപ്പറയുകയും പൊലീസ് നടപടികളെ ന്യായീകരിക്കുകയും ചെയ്തു.

എന്നാല്‍, പൊലീസ് എന്തു ചെയ്താലും അതിനെ ന്യായീകരിക്കുന്നത് മുഖ്യമന്ത്രിക്കു ഭൂഷണമല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊലക്കേസ് പ്രതികളോടു പോലും ചെയ്യാത്തതാണ് ആദിവാസികളോട് പൊലീസ് ചെയതത്. അട്ടപ്പാടിയിലെ പൊലീസ് ഭൂമാഫിയയുടെ കൈയാളാണെെന്നും ആദിവാസി സമൂഹം ഭീതിയിലാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Similar Posts