മുഖം കഴുകാനായി മാസ്ക്ക് മാറ്റി, പെറ്റിയടക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മര്‍ദ്ദനം; പരാതി
|പൊലീസ് ജീപ്പിന്റെ ഡോറിന്റെ ഇടയില്‍ വെച്ച് കാല് ഞെരുക്കിയെന്നും അജിത്ത് പറയുന്നു
മാസ്ക് വെച്ചില്ലെന്ന് ആരോപിച്ച് പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കോട്ടയം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുക്കാരനായി എത്തിയ പള്ളം സ്വദേശി അജികുമാറാണ് ഗാന്ധിനഗര്‍ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. അജിത്തിനെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കാലിന് പൊട്ടലേൽക്കുകയും ചെയ്തു.
ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പള്ളം സ്വദേശിയായ അജിത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. മുഖം കഴുകാനായി മാസ്ക്ക് മാറ്റിയത് കണ്ട പൊലീസ് പെറ്റിയടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തതോടെ പൊലീസ് കൈയ്യേറ്റം ചെയ്തുവെന്നാണ് അജിത്തിന്റെ ആരോപണം.
പൊലീസ് ജീപ്പിന്റെ ഡോറിന്റെ ഇടയില്‍ വെച്ച് കാല് ഞെരുക്കിയെന്നും അജിത്ത് പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. പൊലീസിനെതിരെയാണ് ദൃക്സാക്ഷികളുടേയും മൊഴി. അതെ സമയം അജിത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും ഗന്ധിനഗര്‍ പൊലീസ് തള്ളിക്കളഞ്ഞു. എന്നാല്‍ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു.