മാസ്‌ക് മാത്രം പോരെന്ന് പൊലീസ്; ഒരു തിരുവാതിര കളിച്ചാലോ എന്ന് മറുചോദ്യം
|1986ൽ റിലീസ് ചെയ്ത അടിവേരുകൾ എന്ന മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ എഡിറ്റ് ചെയ്താണ് പോസ്റ്റ് ഉണ്ടാക്കിയിട്ടുള്ളത്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് ട്രോൾ മഴ. സിപിഎം സമ്മേളനങ്ങളോട് അനുബന്ധിച്ച് നടന്ന തിരുവാതിരകളികളെ ചേർത്തുവച്ചാണ് പൊതുജനത്തിന്റെ വിമർശനം. നേരത്തെ, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേജിലും ഇതേ വിമർശങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു.
1986ൽ റിലീസ് ചെയ്ത അടിവേരുകൾ എന്ന മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ എഡിറ്റ് ചെയ്താണ് പോസ്റ്റ് ഉണ്ടാക്കിയിട്ടുള്ളത്. ലാലും ചിത്രത്തിലെ നായിക കാർത്തികയും മാസ്‌ക് ധരിച്ചാണ് നിൽക്കുന്നത്. മാക്‌സ് മാത്രം പോര, കോവിഡിന്റെ അടിവേരുകൾ തകർക്കണമെങ്കിൽ സാമൂഹിക അകലവും വേണം എന്ന് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. സാനിറ്റൈസറിന്റെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടല്ലോ എന്ന് തലവാചകവും നൽകിയിട്ടുണ്ട്.
സാമൂഹിക അകലത്തേക്കാൾ മികച്ചത് തിരുവാതിര ആണെന്ന് സർക്കാർ പ്രൂവ് ചെയ്തിട്ടുണ്ടല്ലോ സാറേ.. എന്നാണ് ഒരാൾ പ്രതികരിച്ചത്. തിരുവാതിര ഇനി എവിടെയെങ്കിലുമുണ്ടോ എന്ന് മറ്റൊരാൾ ചോദിച്ചു. കോവിഡിന്റ് അടിവേരുകൾ തകർക്കണമെങ്കിൽ 'തിരുവാതിര' അകലവും വേണമെന്ന് ഒരാൾ പരിഹസിച്ചു.
'പാർട്ടി സമ്മേളനം ഒന്ന് കഴിഞ്ഞോട്ടെ, നിയന്ത്രണങ്ങൾ കൊണ്ട് ജനങ്ങളുടെ അടിവേര് ഞങ്ങള് ഇളക്കും', 'തിരുവാതിര കളിക്കാൻ പോയാൽ കൊഴപ്പമുണ്ടോ..ക്രിക്കറ്റ് കളിച്ചവന്മാരെ ഒക്കെ തല്ലി ഓടിച്ചത് അല്ലെ...', 'കല്യാണക്കുറിയിൽ തിരുവാതിര എന്നെഴുതിയാൽ ഓക്കേ ആവുമോ സാറേ ?' -എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.