ജാമ്യം കിട്ടിയവരെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം;കോടതിയിലേക്ക് ഓടിക്കയറി മാത്യു കുഴൽനാടനും ഷിയാസും
|അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിപ്പിച്ചു
കൊച്ചി:കോതമംഗലം പ്രതിഷേധക്കേസിൽ ജാമ്യം കിട്ടിയ കോൺഗ്രസ് നേതാക്കളെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. പൊലീസ് വാഹനം തകർത്ത കേസിലാണ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഇതോടെ കോടതി പരിസരത്ത് സംഘർഷമുണ്ടായി. തുടർന്ന് ഷിയാസും മാത്യു കുഴൽനാടൻ എംഎൽഎയും കോടതിയിലേക്ക് ഓടിക്കയറി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിപ്പിച്ചു. രണ്ടരയോടെ കേസ് വീണ്ടും കോടതി പരിഗണിക്കും.
മാത്യു കുഴൽനാടനും ഷിയാസും മാധ്യമങ്ങളെ കണ്ട ശേഷം പിരിഞ്ഞുപോകുമ്പോഴാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയും സംഘവും ഷിയാസിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ഡിവൈഎസ്പിയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. മുമ്പ് നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തകർക്കുകയും താക്കോലെടുക്കുകയും ചെയ്തിരുന്നു. ഇതിൽ വാഹനം മോഷ്ടിച്ചുവെന്നടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഷിയാസടക്കമുള്ളവർ ഇപ്പോൾ കോടതിക്കകത്ത് നിൽക്കുകയാണ്. നേരത്തെ ജാമ്യം ലഭിച്ച കേസിലെ നടപടികൾ തീരാനുമുണ്ട്. അതേസമയം, പുതിയ കേസിൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്.
നേര്യമംഗലത്തെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അടക്കമുള്ളവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. മൃതദേഹത്തോട് അനാദരവ്, പൊതു മുതൽ നശിപ്പിക്കൽ, ആശുപത്രി സംരക്ഷണ നിയമം എന്നീ ഗുരുതരവകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ മാത്യു കുഴൽനടനെയും മുഹമ്മദ് ഷിയാസിനെയും അർധരാത്രിയിൽ സമരപ്പന്തലിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇരുവർക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.