'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും'; ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറന്ന് കേരള പൊലീസ്
|ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറന്ന് കേരള പൊലീസ്. കെ.പി.എസ്.എം സെല്‍ എന്ന യൂസര്‍ ഐ.ഡിയിലാണ് കേരള പൊലീസ് പുതിയ അക്കൗണ്ട് ആരംഭിച്ചത്. 'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും', എന്ന തലക്കെട്ടോടെ ട്രോള്‍ രൂപത്തിലാണ് പുതിയ അക്കൗണ്ടിനെ പൊലീസ് പരിചയപ്പെടുത്തിയത്.
ക്ലബ് ഹൗസില്‍ സോഷ്യല്‍ മീഡിയ പെട്രോളിങ് നടത്താനുള്ള കേരള പൊലീസിന്‍റെ പുതിയ തീരുമാനം വ്യാജ ഐ.ഡികള്‍ക്ക് വെല്ലുവിളിയാകും. ക്ലബ് ഹൗസ് തുടങ്ങി അധികം വൈകാതെ തന്നെ സിനിമാ താരങ്ങളായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി, സാനിയ അയ്യപ്പന്‍ എന്നിവര്‍ വ്യാജ ഐ.ഡികള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. തങ്ങളുടെ പേരില്‍ വ്യാജ ഐ.ഡികള്‍ നിര്‍മിച്ച് വിവിധ ഗ്രൂപ്പുകളില്‍ ചര്‍ച്ചകളില്‍ സജീവമായതോടെയാണ് താരങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നത്. ടോവിനോ തോമസിന്‍റെയും സുരേഷ് ഗോപിയുടെയും വ്യാജ ശബ്ദം ഉപയോഗിച്ചാണ് ക്ലബ് ഹൗസില്‍ ഐ.ഡികള്‍ സജീവമായിരുന്നത്. ഇതിനെതിരെ ടോവിനോ വീഡിയോ തെളിവുകളോടെ തന്നെ പ്രതികരിച്ചിരുന്നു. സുരേഷ് ഗോപി കടുത്ത വിമര്‍ശനമാണ് വ്യാജനെതിരെ ഉന്നയിച്ചത്. ദുല്‍ഖര്‍, നിവിന്‍ എന്നിവര്‍ ക്ലബ് ഹൗസ് ആപ്പില്‍ ഇല്ലെന്നും വരുന്ന നിമിഷം അറിയിക്കുമെന്നും വ്യക്തമാക്കി.
ക്ലബ് ഹൗസില്‍ നിന്നും ഉയര്‍ന്ന തുടര്‍ച്ചയായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഔദ്യോഗികമായ നിരീക്ഷണ സംവിധാനം എന്ന നിലയില്‍ കേരള പൊലീസ് പുതിയ സോഷ്യല്‍ മീഡിയ ആപ്പില്‍ അക്കൗണ്ട് തുറന്നത്. ആപ്പിലെ റൂമുകളിലെല്ലാം തന്നെ ഇനി കേരള പൊലീസിന്‍റെ സാന്നിധ്യമുണ്ടാകും. ഇത് പുതിയ സോഷ്യല്‍ മീഡിയ ആപ്പ് വഴിയുള്ള നിയമലംഘനങ്ങളും ചൂഷണങ്ങളും തടയുമെന്നാണ് വിലയിരുത്തുന്നത്.