Kerala
ലഹരി വിരുദ്ധ ദിനത്തില്‍ ബോധവത്കരണ ഹ്രസ്വചിത്രമൊരുക്കി കേരള പൊലീസ്
Kerala

ലഹരി വിരുദ്ധ ദിനത്തില്‍ ബോധവത്കരണ ഹ്രസ്വചിത്രമൊരുക്കി കേരള പൊലീസ്

Web Desk
|
26 Jun 2021 10:56 AM GMT

വളാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ എം.പി. മുഹമ്മദ് റാഫി എഴുതിയ കവിതയെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ബോധവത്കരണ വീഡിയോ ഒരുക്കി പൊലീസ് സേന. പൊന്നുണ്ണി എന്ന് പേരിട്ടിരിക്കുന്ന കവിതയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാവുകയാണ്.

വളാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ എം.പി. മുഹമ്മദ് റാഫി എഴുതിയ കവിതയെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും പോലീസുകാരാണ്.സബ് ഇൻസ്പെക്ടർ എംപി മുഹമ്മദ് റാഫി രചിച്ച കവിത ആലില മുരളിയാണ് ആലപിച്ചിരിക്കുന്നത്. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സാൻ്റോ തട്ടിലാണ് സംവിധാനം നിർവ്വഹിച്ചത്. ഇരിഞ്ഞാലക്കുട നഗരസഭ അധ്യക്ഷ സോണിയ ഗിരിയാണ് ചിത്രത്തിൽ അമ്മയായി വേഷമിട്ടിരിക്കുന്നത്.

കുടുംബ ബന്ധങ്ങളിലും വ്യക്തി ജീവിതത്തിലും ലഹരി ഉപയോഗം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല. പലരുടെയും ജീവിതം തന്നെ ലഹരി അപഹരിക്കുന്നു. ഏറ്റവും നല്ല ബന്ധങ്ങൾ പോലും ലഹരി ഉപയോഗം കാരണം ശിഥിലകമാകുന്നു എന്ന ആശയത്തിലൂന്നി നിര്‍മിച്ച ചിത്രം കേരള പൊലീസ് മീഡിയ സെന്‍ററിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥി ലഹരിക്ക് അടിമയാകുന്നതും ജീവൻ നഷ്ടപ്പെടുന്നതുമാണ് ചിത്രത്തിൻ്റെ പ്രമേയം.

Similar Posts