Kerala
പെന്‍സില്‍ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം; സൂക്ഷിക്കണമെന്ന് കേരള പൊലീസ്
Kerala

പെന്‍സില്‍ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം; സൂക്ഷിക്കണമെന്ന് കേരള പൊലീസ്

Web Desk
|
17 Feb 2024 1:40 AM GMT

പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്

മികച്ച ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള നിരവധി പരസ്യങ്ങള്‍ നാം കാണാറുണ്ട്. പലതും തട്ടിപ്പാണെന്ന് അപേക്ഷ അയച്ചു കബളിപ്പിക്കലിന് ഇരയായി കഴിയുമ്പോഴാണ് പലരും തിരിച്ചറിയുന്നത്.ഇപ്പോഴിതാ പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.

കേരള പൊലീസിന്‍റെ കുറിപ്പ്

പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണ്. ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാര്‍ജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെൻസിലിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Similar Posts