Kerala
ജനങ്ങൾ കൂടുതലെത്താൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും എത്തണം; രാത്രി പട്രോളിങിൽ പരിഷ്‌കാരവുമായി പൊലീസ്‌
Kerala

'ജനങ്ങൾ കൂടുതലെത്താൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും എത്തണം'; രാത്രി പട്രോളിങിൽ പരിഷ്‌കാരവുമായി പൊലീസ്‌

Web Desk
|
15 Aug 2023 12:58 AM GMT

പട്രോളിങ്ങിനുള്ള ജീപ്പിൽ ഓഫീസർ ഉൾപ്പെടെ നാല് പേരെങ്കിലും വേണം. അതിൽ ചെറുപ്പക്കാരായ പൊലീസുകാരെ കൂടുതൽ ഉൾപ്പെടുത്തണം.

തിരുവനന്തപുരം: ഓണം പ്രമാണിച്ച് രാത്രി പട്രോളിങ്ങിൽ പരിഷ്കാരവുമായി പൊലീസ്. ജനങ്ങൾ കൂടുതലെത്താൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും പട്രോളിങ്ങിന് എത്തണമെന്നാണ് നിർദേശം. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചു.

ഓണക്കാലമായതിനാൽ തിരക്ക് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്തും മദ്യം, മയക്കുമരുന്ന് ഉപയോഗങ്ങൾ കൂടുന്നത് പരിഗണിച്ചുമാണ് രാത്രി പട്രോളിങ് ശക്തിപ്പെടുത്തുന്നത്. പകൽ ഡ്യൂട്ടി ചെയ്യുന്നവരെ രാത്രി പട്രോളിങ്ങിന് നിയോഗിക്കുന്ന സംവിധാനം അവസാനിപ്പിക്കാനും തീരുമാനിച്ചു. സ്റ്റേഷനിലെ എല്ലാവരും രാത്രി ഡ്യൂട്ടിക്ക് തയാറാകണം. മതിയായ പൊലീസുകാരില്ലാത്ത സ്റ്റേഷൻ പരിധിയിൽ തൊട്ടടുത്ത സ്റ്റേഷനുകളിലെ പട്രോളിങ് സംഘമെത്തണം.

പട്രോളിങ്ങിനുള്ള ജീപ്പിൽ ഓഫീസർ ഉൾപ്പെടെ നാല് പേരെങ്കിലും വേണം. അതിൽ ചെറുപ്പക്കാരായ പൊലീസുകാരെ കൂടുതൽ ഉൾപ്പെടുത്തണം. പകൽ പട്രോളിങ്ങിന് മൂന്ന് പേർ മതി. പിസ്റ്റളും റൈഫിളും ആവശ്യമെങ്കിൽ കരുതണം. ജില്ലാ പൊലീസ് മേധാവികൾ ഈ ഡ്യൂട്ടിരീതി ഫീൽഡ് പരിശോധന നടത്തി ഡി.ജി.പിക്ക് റിപ്പോർട്ട് ചെയ്യണം. രാത്രി 10 മുതൽ രാവിലെ ആറ് വരെ രാത്രി പട്രോൾ സംഘം ഫീൽഡിൽ ഉണ്ടാകണം.

നഗര സ്റ്റേഷനുകളിൽ ബൈക്ക് പട്രോളിങ് സാന്നിധ്യം എപ്പോഴുമുണ്ടാകണം. നാല് മുതൽ ആറ് മണിക്കൂർ വരെ ഒരു ടീം ബൈക്കിൽ കറങ്ങണം. ബൈക്ക് പട്രോൾ സംഘത്തിനും എസ്.എച്ച്.ഒയുടെ നിർദേശപ്രകാരം പിസ്റ്റൾ കരുതാം. തിരക്കേറിയ സ്ഥലങ്ങളിലൊക്കെ പൊലീസുകാർ കാൽനടയായി ഡ്യൂട്ടിക്കുണ്ടാകണം. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പിങ്ക് പട്രോളിങ് സംഘം റോഡിൽ ഉണ്ടാകണമെന്നും നിർദേശമുണ്ട്.

Similar Posts