Kerala
KeralaPublicWorksDepartment, PAMuhammadRiyas
Kerala

ബജറ്റ് പ്രാബല്യത്തിൽ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികൾക്ക് ഭരണാനുമതി; പൊതുമരാമത്ത് വകുപ്പിന് ചരിത്രനേട്ടം

Web Desk
|
15 May 2023 1:33 PM GMT

റോഡ്, പാലം വിഭാഗങ്ങളിലായി 234.86 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട 83 പ്രവൃത്തികൾക്ക് 45 ദിവസത്തിനകം ഭരണാനുമതി നൽകി റെക്കോർഡിട്ട് പൊതുമരാമത്ത് വകുപ്പ്. റോഡ്, പാലം വിഭാഗങ്ങളിലായി 234.86 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയത്. ഭരണാനുമതി ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിച്ചു.

82 റോഡ് പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയത്. 234.36 കോടി രൂപയുടെ പ്രവൃത്തികൾ നിരത്ത് വിഭാഗത്തിനുകീഴിൽ വരുന്നതാണ്. പാലം വിഭാഗത്തിനുകീഴിൽ 50 ലക്ഷം രൂപയുടെ ഒരു പ്രവൃത്തിക്കും അനുമതി നൽകി. ഇതോടൊപ്പം 7.51 കോടി രൂപയുടെ രണ്ട് പാലം പ്രവൃത്തികൾക്കും 50 ലക്ഷം രൂപയുടെ ഒരു കെട്ടിട നിർമ്മാണ പ്രവൃത്തിക്കും ഭരണാനുമതി നൽകിയിട്ടുണ്ട്.

198.69 കോടി രൂപയുടെ 26 പ്രവൃത്തികൾ ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്കും കൈമാറി. 20 റോഡ് പ്രവൃത്തിയും ആറു പാലം പ്രവൃത്തിയുമാണ് ധനകാര്യവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറിയത്. സംസ്ഥാനത്ത് പൊതുമരാമത്ത് പദ്ധതികൾക്ക് പ്രവൃത്തി കലണ്ടർ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.

ബജറ്റിൽ പ്രഖ്യാപിച്ച ഇൻവെസ്റ്റിഗേഷൻ ആവശ്യമില്ലാത്ത 20 ശതമാനം വിഹിതമുള്ള പ്രവൃത്തികൾക്ക് ജൂൺ മാസത്തിനകം ഭരണാനുമതി ലഭ്യമാക്കാനും നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം സമർപ്പിച്ച എസ്റ്റിമേറ്റുകൾ പരിശോധിച്ചാണ് 234.36 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുന്നത്. ഒരു വർഷം പ്രഖ്യാപിക്കുന്ന, സ്ഥലം ഏറ്റെടുക്കലും ഇൻവെസ്റ്റിഗേഷനും ആവശ്യമില്ലാത്ത, പ്രവൃത്തികൾ ആ വർഷം തന്നെ ആരംഭിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.

ഇപ്പോൾ ഭരണാനുമതി നൽകിയ പ്രവൃത്തികൾക്ക് നിശ്ചിത സമയത്തിനകം തന്നെ സാങ്കേതികാനുമതി നൽകാൻ നിർദ്ദേശം നൽകിയിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതൽ പദ്ധതികളുള്ള നിരത്ത് വിഭാഗത്തിൽ ഇതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. കൃത്യമായി പ്രവൃത്തികൾ ആരംഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Summary: The Kerala Public Works Department has given administrative permission within 45 days for 83 works included in the budget for the financial year 2023-24 in the state.

Similar Posts