Kerala
റെയിൽവേ ചരിത്രത്തിൽ പുതിയ അധ്യായം; കേരളത്തിലെ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി
Kerala

റെയിൽവേ ചരിത്രത്തിൽ പുതിയ അധ്യായം; കേരളത്തിലെ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി

Web Desk
|
30 May 2022 1:17 AM GMT

21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദക്ഷിണ റെയിൽവേയുടെ ചരിത്രത്തിലേക്ക് ചൂളം വിളിച്ചാണ് പാലരുവി എക്‌സ്പ്രസ് ഇന്നലെ കടന്നുപോയത്. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് 161 വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും ഇരട്ടപ്പാതയുടെ പൂർത്തീകരണമെന്നത് കേരളത്തെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു.

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് കരുത്തേകിക്കൊണ്ട് കായംകുളം - എറണാകുളം ഇരട്ടപ്പാത യാഥാർഥ്യമായി. 21 വർഷത്തെ കാത്തിരിപ്പിന് ശേഷം ഏറ്റുമാനൂർ - ചിങ്ങവനം റൂട്ടിലെ നിർമാണ ജോലികൾ പൂർത്തീകരിച്ച് ഇന്നലെ രാത്രിയാണ് പാത തുറന്ന് കൊടുത്തത്. ഇതോടെ സമ്പൂർണ ഇരട്ടപ്പാത പൂർത്തികരിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിനും ഇടം പിടിക്കാനായി.

21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദക്ഷിണ റെയിൽവേയുടെ ചരിത്രത്തിലേക്ക് ചൂളം വിളിച്ചാണ് പാലരുവി എക്‌സ്പ്രസ് കടന്നുപോയത്. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് 161 വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും ഇരട്ടപ്പാതയുടെ പൂർത്തീകരണമെന്നത് കേരളത്തെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. അത് പൂർത്തീകരിക്കാനായതിന് പിന്നാലെ റെയിൽവേ ജീവനക്കാരുടെ ആവേശത്തിനൊപ്പം ചേർന്ന് കോട്ടയം നിവാസികളും സന്തോഷം പങ്കിട്ടു.

2001 ൽ തുടങ്ങിയ പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കാൻ വൈകിയത് ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുളള 17. K.m ദൂരത്തെ നിർമാണം വിവിധ പ്രശ്‌നങ്ങളെ തുടർന്ന് തടസപ്പെട്ടതാണ്. ഒടുവിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ട്രെയിൻ ഗതാഗതത്തിന് തന്നെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കിയത്. ഇരട്ടപ്പാത യാഥാർത്ഥ്യമായതോടെ തിരുവനന്തപുരം മുതൽ മദ്രാസ് വരെയുള്ള 632 കി.മീ റെയിൽ യാത്രയിൽ ഗണ്യമായ സമയം ലാഭിക്കാനാവും.

ഗതാഗത സജ്ജമായ ഇരട്ടപ്പാതയിലൂടെ മണിക്കൂറിൽ 50 km വേഗതയാണ് നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് അനുവദിച്ചിട്ടുള്ളത്. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന കർശന ഗതാഗത നിയന്ത്രണങ്ങൾ ഒഴിവാക്കി ട്രെയിനുകൾക്ക് ഇന്ന് മുതൽ പഴയ നിലയിൽ ഓടിത്തുടങ്ങും. എന്നാൽ അവസാനവട്ട അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജൂൺ മൂന്നാം വാരമാകും ഇരട്ടപ്പാത കമ്മീഷൻ ചെയ്യുക.

Related Tags :
Similar Posts