Kerala
Ration Card Mustering
Kerala

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് മുടങ്ങി

Web Desk
|
15 March 2024 4:16 AM GMT

റേഷൻ വിതരണം ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചാണ് മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് മുടങ്ങി. റേഷൻ വിതരണം ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചാണ് മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്. ഇപ്പോഴത്തെ സർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ ആകില്ലെന്ന് വ്യാപാരികൾ പറയുന്നു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെ എത്തിയത് .

രാവിലെ 8 മുതല്‍ വൈകിട്ട് ഏഴുവരെയാണ് റേഷന്‍ കടകള്‍ക്ക് സമീപമുള്ള അംഗന്‍ വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടത്.ഈ ദിവസങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അപ്‌ഡേഷന്‍ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്തെ ഏത് റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിങ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചിരുന്നു. കിടപ്പു രോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിംങ്ങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരളടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കും.



Related Tags :
Similar Posts