Kerala
മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ കൂടിയെത്തി; സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുത്തത് 86 ലക്ഷം പേര്‍
Kerala

മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ കൂടിയെത്തി; സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുത്തത് 86 ലക്ഷം പേര്‍

Web Desk
|
25 May 2021 2:12 AM GMT

രോഗവ്യാപനം തടയാന്‍ വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനായിരുന്നു സംസ്ഥാനത്തിന്‍റെ ശ്രമം

സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. കേന്ദ്രം നൽകിയ മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി. ഇതുവരെ 86 ലക്ഷം പേരാണ് സംസ്ഥാനത്ത് വാക്സിനെടുത്തത്.

രോഗവ്യാപനം തടയാന്‍ വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനായിരുന്നു സംസ്ഥാനത്തിന്‍റെ ശ്രമം. എന്നാല്‍ വാക്സിന് ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷന്‍ താളം തെറ്റിയിരുന്നു. ഇന്നലെ രാത്രി മൂന്നര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ പ്രശ്നത്തിന് താത്കാലിക പരിഹാരമായി. തിരുവനന്തപുരത്ത് എത്തിയ കൊവിഷീല്ഡ് വാക്സിന്‍ മറ്റ് ജില്ലകളിലേക്കും വിതരണം ചെയ്യും.

തിരുവനന്തപുരത്ത് 20,000 ഡോസ് വാക്സിനാണ് സ്റ്റോക്കുളളത്. ഇതുവരെ 86,47,923 പേര്‍ സംസ്ഥാനത്ത് വാക്സിനെടുത്തു. 18 മുതല്‍ 44 വരെയുള്ളവര്‍ക്കായി സംസ്ഥാനം വാങ്ങിയ ഏഴരലക്ഷം ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. ഇതുവരെ 30555 പേരാണ് ഈ വിഭാഗത്തില്‍ വാക്സിനെടുത്തത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സംസ്ഥാനത്ത് രോഗവ്യാപനത്തിന് കുറവുണ്ട്. ഒരു മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് താഴെയെത്തുന്നത്.

പത്ത് ദിവസം മുമ്പ് ചികിത്സയിലുള്ളവരുടെ എണ്ണം നാലര ലക്ഷത്തിനടുത്തെത്തിയത് ഇന്നലെ രണ്ടേമുക്കാല്‍ ലക്ഷമായി. എങ്കിലും മലപ്പുറത്ത് സ്ഥിതി രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്തെ 43 പഞ്ചായത്തുകളില്‍ ഇപ്പോഴും ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും ആശങ്കയുണ്ടാക്കുന്നു.

Similar Posts