ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാൻ ശ്രമം: കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു
|'കേന്ദ്ര ഭരണ പ്രദേശമായ ദ്വീപില്‍ ബി.ജെ.പി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നു'
ലക്ഷദ്വീപിലെ കേന്ദ്രസർക്കാരിന്റെ വിവാദ നടപടികൾക്കെതിരെ ദ്വീപിന് പുറത്തും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും ദ്വീപ് നിവാസികൾക്കായിപ്രതിഷേധവുമായി രംഗത്തെത്തി.
ലക്ഷദ്വീപില്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്മിനിസ്ടേറ്ററര്‍ പ്രഭുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണുയരുന്നത്. ബിജെപി അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ട്വിറ്ററില്‍ പ്രതികരിച്ചത്.
പുതിയ നീക്കം തടയണമെന്നാവശ്യപ്പെട്ട് എളമരം കരിം എം.പി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപില്‍ ബി.ജെ.പി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നത് ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാർ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ടെന്ന് വി.ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
അഡ്മിനിട്സ്രേറ്ററുടെ നടപടികൾ വിചിത്രമെന്ന് നടൻ പൃഥിരാജ് പറഞ്ഞു. പുരോഗതിക്ക് വേണ്ടിയാണെങ്കിൽ പോലും ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ല. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ എതിർക്കപ്പെടേണ്ടതാണെങ്കിൽ അതിനായി ഇടപെടലുകളുണ്ടാകണമെന്നും ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കി.
അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികളിൽ നിന്നും ദ്വീപിനെ രക്ഷിക്കണമെന്ന് സംവിധായകയും ദ്വീപിലെ സാമൂഹ്യ പ്രവർത്തകയുമായ ഐഷ സുൽത്താന പറഞ്ഞു.
ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് കെ.എസ്.യുവിൻ്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ലക്ഷദ്വീപിലെ എന്‍.എസ്.യു.ഐ ഘടകം ഇന്ന് ഇന്ത്യൻ പ്രസിഡന്റിന് കൂട്ട മെയിൽ അയക്കും. ലക്ഷദ്വീപ് അഡ്മിനസ്ട്രേറ്ററെ എത്രയും വേഗം തിരിച്ചുവിളിക്കണമെന്ന് ബിനോയ് വിശ്വം എം.പി ആവശ്യപ്പെട്ടു.