വില വർധിച്ചിട്ടും പ്രയോജനം ലഭിക്കാതെ റബർ കർഷകർ
|ഇതോടെ വൻകിട കമ്പനികൾ ലാഭമുണ്ടാക്കാൻ സജീവമായി വിപണിയിൽ ഇടപെട്ട് തുടങ്ങി
കോട്ടയം: വില വർധിച്ചിട്ടും അതിന്‍റെ പ്രയോജനം ലഭിക്കാതെ റബർ കർഷകർ. കടുത്ത വേനലിനെ തുടർന്ന് ടാപ്പിംഗ് നിലച്ചതാണ് തിരിച്ചടിയായത്. ഇതോടെ വൻകിട കമ്പനികൾ ലാഭമുണ്ടാക്കാൻ സജീവമായി വിപണിയിൽ ഇടപെട്ട് തുടങ്ങി.
ആർ.എസ്.എസ് നാലിനുൾപ്പടെ വിപണിയിൽ വില വർധിച്ചു. 130 രൂപയായിരുന്ന റബർ വില 145 രൂപയായിട്ടാണ് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിലും വില വർധിച്ചതോടെ ആഭ്യന്തര റബറിന് ഡിമാന്‍റും ഇരട്ടിയായി. എന്നാൽ ആഭ്യന്തര വിപണിയിലെ ഭൂരിഭാഗം പങ്കും ഉല്പാദിപ്പിക്കുന്ന കേരളത്തിൽ ഉല്പാദനം വലിയ തോതിൽ ഇടിഞ്ഞു. വേനൽ കടുത്തതാണ് ഇതിനുള്ള പ്രധാന കാരണം.
ടാപ്പിംഗ് ജോലികൾ നിലച്ചതോടെ വില വർധനവിന്‍റെ പ്രയോജനം കർഷകർക്ക് ലഭിക്കാതെയായി. കർഷകരുടെ ഉല്‍പാദനം കുറഞ്ഞതോടെ വൻകിട കമ്പനികൾ ലാഭമുണ്ടാക്കാനുള്ള നീക്കം സജീവമാക്കി. കർഷകരുടെ കയ്യിൽ നിന്നം ടയർ കമ്പനികൾ റബർ ശേഖരിക്കുന്നത് കുറച്ചു. നേരത്തെ സ്റ്റോക്ക് ചെയ്ത റബർ ഉപയോഗിച്ചുള്ള ഉല്‍പാദനത്തിലേക്ക് കമ്പനികൾ കടക്കുകയും ചെയ്തു. ഇതും കർഷകർക്ക് തിരിച്ചടിയായി.