കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ടാംഗത്വം
|കെ.കെ കൊച്ച് അടക്കം ആറ് പേര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങള്‍, ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം ഇന്നസെന്‍റിന്
2020ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. ഇവര്‍ക്ക് അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. അക്കാദമി പ്രസിഡന്‍റ് വൈശാഖനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങള്‍ ആറ് പേര്‍ക്ക് ലഭിച്ചു. കെ.കെ കൊച്ച്, മമ്പുഴ കുമാരന്‍, കെ.ആര്‍ മല്ലിക, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചവറ കെ.എസ് പിള്ള, എം.എ റഹ്‍മാന്‍ എന്നിവരാണ് ജേതാക്കള്‍. ഇവര്‍ക്ക് മുപ്പതിനായിരം രൂപയും രണ്ട് പവന്‍റെ സ്വര്‍ണ്ണപതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും ലഭിക്കും.
അടയാള പ്രേതം എന്ന കൃതിയിലൂടെ നോവല്‍ വിഭാഗത്തില്‍ പി.എഫ് മാത്യൂസും, ഹാസ്യസാഹിത്യ വിഭാഗത്തില്‍ ഇരിങ്ങാലക്കുടക്ക് ചുറ്റും എന്ന കൃതിയിലൂടെ ഇന്നസെന്‍റും പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ചെറുകഥാവിഭാഗത്തില്‍ വാങ്കിലൂടെ ഉണ്ണി ആര്‍ അവാര്‍ഡ് നേടി. കവിത-ഒ.പി സുരേഷ്(താജ്മഹല്‍), ജീവചരിത്രം/ആത്മകഥ-കെ.രഘുനാഥന്‍(മുക്തകണ്ഠം വി.കെ.എന്‍), യാത്രാവിവരണം-വിധു വിന്‍സെന്‍റ്(ദൈവം ഒളിവില്‍ പോയ നാളുകള്‍), ബാലസാഹിത്യം-പ്രിയ എ.എസ്(പെരുമഴയത്തെ കുഞ്ഞിതളുകള്‍), നാടകം-ശ്രീജിത്ത് പൊയില്‍ക്കാവ്(ദ്വയം).