കലോത്സവത്തിനൊരുങ്ങി കോഴിക്കോട്; കേളികൊട്ടുയരാൻ രണ്ടാഴ്ച മാത്രം
|വെസ്റ്റ്ഹില്ലിലെ വിക്രം മൈതാനമാണ് പ്രധാന വേദി
കോഴിക്കോട്: കോഴിക്കോട്ടേക്ക് വീണ്ടും കലോത്സവം വിരുന്നെത്തുകയാണ്. ഇനിയുള്ളത് രണ്ടാഴ്ച മാത്രം. അതിനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്. കലോത്സവം കോഴിക്കോട് വിരുന്നെത്തിയപ്പോഴൊക്കെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചതാണ് ഈ നാട്.
കുഞ്ഞ് കലാപ്രതിഭകളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും അവർക്ക് പിന്തുണ നൽകാനും ഒഴുകിയെത്തുകയായിരുന്നില്ലേ ആളുകൾ. ഇത്തവണയും ഞങ്ങൾ കോഴിക്കോട്ടുകാർ ഒരു കലക്ക് കലക്കും. കലോത്സവങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു. വെസ്റ്റ്ഹില്ലിലെ വിക്രം മൈതാനമാണ് പ്രധാന വേദി. പന്തലിന് കാൽ നാട്ടി . നഗര പരിസരങ്ങളിലെ 23 വേദികൾ കൂടെ കലയുടെ മാമാങ്കത്തിനായി ഒരുങ്ങും.
രണ്ട് കലോത്സവങ്ങൾ കോവിഡിൽ ഇല്ലാതായി. ഇക്കുറി അതിനാൽ തിളക്കം കൂടും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 14000 വിദ്യാർഥികൾ പങ്കെടുക്കും. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ പാലക്കാട് നിന്നും കലോത്സവത്തിലെ വിജയികൾക്കുള്ള സ്വർണ്ണ കപ്പ് ഘോഷയാത്രയോടെ കോഴിക്കോടെത്തിക്കും. ഇനിയുള്ള 13 നാളുകൾ കലയുടെ അരങ്ങുണരുന്നതും കാത്തുള്ള നാളുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.