വേനലവധിക്ക് വിട; സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും
|അധ്യയന വര്‍ഷം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും. മൂന്നു ലക്ഷത്തിലധികം കുരുന്നുകളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. അധ്യയന വര്‍ഷം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷമാണ് സ്കൂളുകള്‍ നാളെ തുറക്കുന്നത്. മലയന്‍കീഴ് സ്കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ജില്ലാതലത്തിലും സ്കൂൾതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളിൽ നടക്കുന്ന പരിപാടിക്ക് വിവിധ മന്ത്രിമാർ ആകും തുടക്കം കുറിക്കുക. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സ്കൂള്‍ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ലഹരി ഉപയോഗവും വില്പനയും തടയുന്നതിനുള്ള കർശനമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ഇതിനുളള സഹായം ആഭ്യന്തരവകുപ്പ് നല്‍കും. സ്കൂള്‍ ബസുകള്‍, സ്കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തുന്നുണ്ട്. സ്കൂളും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയായി. കുടിവെളള സ്രോതസ്സുകളില്‍ നിന്ന് ജലം ശേഖരിച്ചു ഗുണനിലവാര പരിശോധനയും നടത്തി. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് പൊലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.