സംസ്ഥാന ബജറ്റ് ജനുവരിയിൽ? ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടു പുതിയ നീക്കം
|പതിവുരീതിയിൽ ഫെബ്രുവരിയിലോ മാർച്ച് ആദ്യമോ അവതരിപ്പിച്ചാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാൽ അത് തിരിച്ചടിയാവും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംസ്ഥാന ബജറ്റ് ജനുവരിയിൽ അവതരിപ്പിക്കാൻ ആലോചന. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ കൂടുതൽ ഇത്തവണത്തെ ബജറ്റിൽ ഇടംപിടിക്കും.
ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ആലോചന. പതിവുരീതിയിൽ ഫെബ്രുവരിയിലോ മാർച്ച് ആദ്യമോ അവതരിപ്പിച്ചാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാൽ അത് തിരിച്ചടിയാവും. ധനവകുപ്പും പ്ലാനിംഗ് ബോര്‍ഡും ബജറ്റുമായി ബന്ധപ്പെട്ടു കൂടിയായാലോചനകൾ തുടങ്ങി. സാമ്പത്തിക പ്രതിസന്ധി പല വൻകിട പ്രഖ്യാപനങ്ങൾക്കും വിലങ്ങുതടിയാണ്.
പക്ഷെ, ക്ഷേമ പെൻഷൻ വർധനയടക്കം വാഗ്ദാനങ്ങൾ പലതും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെറുതായെങ്കിലും പരിഗണിക്കേണ്ടി വരും. കഴിഞ്ഞ തവണ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ സേവനങളുടെ നിരക്ക് കൂട്ടുകയും ഇന്ധന സെസ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രനയങ്ങളാണെന്ന് വാദിക്കുമ്പോഴും ഇത്തവണ കെ.എൻ ബാലഗോപാലിന് ബജറ്റിൽ ജനപ്രിയ മാജിക് കാണിക്കേണ്ടി വരും.
Summary: Planning to present the Kerala state budget in January ahead of the Lok Sabha elections