Kerala
Amal Jyothi College, Kanjirappally, shradha satheesh
Kerala

അമൽജ്യോതി കോളജിലെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് സാങ്കേതിക സർവകലാശാല

Web Desk
|
6 Jun 2023 11:34 AM GMT

വിഷയത്തിൽ സർക്കാർ തലത്തിൽ പ്രഖ്യാപിക്കപ്പെട്ട മൂന്നാമത്തെ അന്വേഷണമാണിത്.

തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സാങ്കേതിക സർവകലാശാല വി.സി. എത്രയും വേ​ഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിൻഡിക്കേറ്റ് അംഗങ്ങളെ വി.സി ചുമതലപ്പെടുത്തി. വിദ്യാർഥിനിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വിലയിരുത്തണമെന്നും കോളജിലെ നിലവിലെ സാഹചര്യം റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.

അതേസമയം, അന്വേഷണത്തിനായി സർവകലാശാല അധികൃതർ നാളെ കോളജിൽ നേരിട്ട് എത്തും. സിൻഡിക്കേറ്റ് അംഗം ഡി. സഞ്ജീവ്, അക്കാദമിക് ഡീൻ അഡ്വ. ബിനു തോമസ് എന്നിവരാകും അമൽജ്യോതി എഞ്ചിനീയറിങ് കോളജിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുക.

വിദ്യാർഥിനിയുടെ മരണത്തിനു പിന്നിൽ കോളജിന്റെ ഭാഗത്തുനിന്നോ അധ്യാപകരുടെ ഭാഗത്തുനിന്നോ ഇടപെടലോ വീഴ്ചയോ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. അതിനു ശേഷം നാളെയോ മറ്റന്നാളോ വിശദമായ റിപ്പോർട്ട് സമർപ്പിക്കും. വിഷയത്തിൽ സർക്കാർ തലത്തിൽ പ്രഖ്യാപിക്കപ്പെട്ട മൂന്നാമത്തെ അന്വേഷണമാണിത്.

നേരത്തെ, സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദേശം നൽകി. ജനാധിപത്യവിരുദ്ധ നടപടികളാണ് കോളജിൽ നടക്കുന്നതെന്ന വിലയിരുത്തലിന്റേയും പരാതികളുടേയും ആരോപണങ്ങളുടേയും അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോട് ഉന്നതവിദ്യാഭ്യാസ മന്ത്രി അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുവജന കമ്മീഷന്റേയും സർവകലാശാലയുടേയും ഇടപെടൽ.

കോളജിലെ രണ്ടാം വർഷ വിദ്യാർഥി ശ്രദ്ധ സതീഷിനെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് വിദ്യാർഥികൾ ഉയർത്തിയത്. പ്രക്ഷോഭം ശക്തമായതോടെ കോളജ് അടച്ചു. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദേശം നൽകി.

എന്നാൽ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഹോസ്റ്റലുകളിലും വിദ്യാർഥി സമരം ശക്തമാവുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ പുറത്താക്കണമെന്നും അവരാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.

കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വച്ചിരുന്നു. വീട്ടുകാരെ വിളിച്ച് കൊണ്ടുവരണമെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിർദേശം. പരീക്ഷയിൽ പരാജയപ്പെട്ട വിവരം വീട്ടിൽ അറിയിക്കുമെന്നും അധ്യാപകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോളജ് ഹോസ്റ്റലിൽ ശ്രദ്ധയെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്.



Similar Posts