ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ വാർഷിക പരിപാടി ഇന്ന് ; വിവാദ നോട്ടീസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചർച്ച ചെയ്യും
|സാംസ്കാരിക വകുപ്പ് ഡയറക്ടർ മധുസൂദനൻ നായർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്
തിരുവനന്തപുരം: വിവാദമായ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ വാർഷിക പരിപാടി ഇന്ന് നടക്കും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങ് ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ ആണ് ഉദ്ഘാടനം ചെയ്യുക. പരിപാടി സംബന്ധിച്ച് പുറത്തിറക്കിയ നോട്ടീസ് വിവാദമായതോടെ ബോർഡ് പിൻവലിച്ചിരുന്നു.ഇന്ന് ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നോട്ടീസ് വിവാദം ചർച്ച ചെയ്യും. എന്താണ് സംഭവിച്ചതെന്ന സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ വിശദീകരണത്തിന് ശേഷമായിരിക്കും തുടർനടപടി.
സാംസ്കാരിക വകുപ്പ് ഡയറക്ടർ മധുസൂദനൻ നായർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.അതേസമയം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്തഗോപന്‍റെ കാലാവധി ഇന്ന് അവസാനിക്കും. പുതിയ പ്രസിഡന്‍റായി പി.എസ്. പ്രശാന്ത് നാളെ ചുമതലയേൽക്കും.
ക്ഷേത്രപ്രവേശന വിളംബരദിന വാർഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ നോട്ടീസാണ് വിവാദമായത്. തിരുവിതാംകൂർ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് നോട്ടീസ്. ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂർ രാജ്ഞിമാരായ പൂയം തിരുനാൾ ഗൗരീപാർവതീഭായിയും അശ്വതി തിരുനാൾ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. നോട്ടീസ് വിവാദമാവുകയും ചെയ്തു. നോട്ടീസിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് നോട്ടീസ് പിന്‍വലിക്കുകയായിരുന്നു.