Kerala
kerala assembly

നിയമസഭ

Kerala

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും പിഴയും; ഓര്‍ഡിനന്‍സ് ഇന്ന് മന്ത്രിസഭയില്‍

Web Desk
|
17 May 2023 12:48 AM GMT

ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലും ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുക്കും.

2012ലെ ആശുപത്രി സംരക്ഷണനിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരായ അക്രമങ്ങള്‍ക്കുള്ള ശിക്ഷാകാലാവധി മൂന്ന് മുതല്‍ 10 വര്‍ഷം വരെ ആക്കും. പിഴത്തുക അഞ്ച് ലക്ഷം വരെ ആക്കാനും നിര്‍ദേശമുണ്ട്. നിലവിലെ നിയമത്തില്‍ ശിക്ഷാ കാലാവധി മൂന്ന് വര്‍ഷവും പിഴത്തുക 50,000 രൂപയുമാണ്.

ഡോക്ടര്‍മാര്‍,നഴ്സുമാര്‍,മെഡിക്കല്‍,നഴ്സിങ് വിദ്യാര്‍ഥികള്‍,പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമെ ആശുപത്രിയിലെ സുരക്ഷാജീവനക്കാരേയും മിനസ്റ്റീരിയല്‍ ജീവനക്കാരേയും ആരോഗ്യപ്രവര്‍ത്തകരാക്കി കണക്കാക്കും. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുന്നവരില്‍ നിന്ന് ഇരട്ടി നഷ്ടപരിഹാരം ഈടാക്കാനും നല്‍കാത്തവരില്‍ നിന്ന് റവന്യു റിക്കവറി വഴി പണം ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ഉണ്ടാകും. അക്രമം നടന്ന് ഒരു മണിക്കൂറിനകം എഫ്.ഐ.ആര്‍ , ഒരു മാസത്തിനകം കുറ്റപത്രം, ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കുക എന്നീ നിര്‍ദേശങ്ങള്‍ നേരത്തേ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ആരോഗ്യസംഘടനാ പ്രതിനിധികളുടെ നിര്‍ദേശങ്ങളും പരിഗണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ചേര്‍ന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് അന്തിമ രൂപം നല്‍കിയത്.

വ്യവസ്ഥകളിലെ നിയമപരിശോധന പൂര്‍ത്തിയാക്കി ഇന്നലെ നിയമസെക്രട്ടറി ഫയല്‍ ആരോഗ്യ വകുപ്പിലേക്ക് തിരിച്ചയച്ചു. ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ അന്തിമപരിശോധനയ്ക്ക് ശേഷമാണ് ഓര്‍ഡിനന്‍സ് ഇന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ഓര്‍ഡിനന്‍സ് പാസ്സാക്കുമെന്ന ഉറപ്പിലാണ് വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് സംഘടനകള്‍ അവസാനിപ്പിച്ചത്. ഓര്‍ഡിനന്‍സ് പാസായില്ലെങ്കില്‍ ഇന്ന് മുതല്‍ തന്നെ സമരം തുടങ്ങാനാണ് ഐ.എം.എ ഉള്‍പ്പടെയുള്ളവരുടെ തീരുമാനം.



Similar Posts