കോവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളുടെ പ്രവർത്തനസമയം രാത്രി 9.30 വരെ
|തുടര്‍ച്ചയായി ആറാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാണ്. രണ്ട് മാസത്തിനിടെ മൂന്ന് തവണ മാത്രമാണ് പത്തിന് താഴേക്ക് എത്തിയത്
സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍. എ, ബി കാറ്റഗറികളില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം രാത്രി 9.30 വരെയാക്കിയിട്ടുണ്ട്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് താഴെയെത്താത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല . തുടര്‍ച്ചയായി ആറാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാണ്. രണ്ട് മാസത്തിനിടെ മൂന്ന് തവണ മാത്രമാണ് പത്തിന് താഴേക്ക് എത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് മുകളിലുള്ള 175 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം രോഗവ്യാപനം കുറഞ്ഞ എ, ബി കാറ്റഗറികളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ നല്‍കും. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവർത്തിക്കാം.
ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയിമുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.ജിമ്മുകള്‍ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തിക്കാം. എന്നാല്‍ വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആകണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഒരേസമയം 20 പേരില്‍ കൂടുതല്‍ പാടില്ല. വിനോദസഞ്ചാര മേഖലകളിലെ താമസ സൌകര്യങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. വാക്സിന് എടുത്തവര്‍ക്കും ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമാകും പ്രവേശനം.
എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. സി കാറ്റഗറിയില്‍ 50 ശതമാനം ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് പത്തനംതിട്ടയില്‍ സന്ദര്‍ശനം നടത്തും. നേരത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സംഘം സനദര്‍ശിച്ചിരുന്നു.