Kerala
മുല്ലപ്പെരിയാര്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നു: തമിഴ്നാടിന്‍റെ നടപടി കേരളം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യും
Kerala

മുല്ലപ്പെരിയാര്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നു: തമിഴ്നാടിന്‍റെ നടപടി കേരളം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യും

Web Desk
|
7 Dec 2021 5:44 AM GMT

പത്താം തിയ്യതി ഹരജി പരിഗണിക്കുമ്പോൾ പ്രശ്നം ഉന്നയിക്കും

മുന്നറിയിപ്പില്ലാതെ രാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്ന തമിഴ്നാടിന്‍റെ നടപടി കേരളം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യും. പത്താം തിയ്യതി ഹരജി പരിഗണിക്കുമ്പോൾ പ്രശ്നം ഉന്നയിക്കും.

മുന്നറിയിപ്പില്ലാതെ രാത്രിയിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. 10 മിനിറ്റ് മുമ്പ് ഇ മെയിൽ അയച്ച ശേഷം ഡാം തുറന്നുവിടുകയാണെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. തമിഴ്‌നാട് മനുഷ്യത്വവിരുദ്ധമായാണ് പെരുമാറുന്നത്. മുഖ്യമന്ത്രിയുടെ മൗനമാണ് എല്ലാ പ്രശ്‌നത്തിനും കാരണം. മുഖ്യമന്ത്രി ഉടൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണണം. യുദ്ധമുഖത്ത് സൈന്യാധിപൻ കാലുമാറുന്ന പോലെയാണ് മുഖ്യമന്ത്രിയുടെ നടപടി. മുഖ്യമന്ത്രിക്ക് ഗൗരവമില്ലാത്തതിനാലാണ് തമിഴ്‌നാട് ഇങ്ങനെ പെരുമാറുന്നത്. മുഖ്യമന്ത്രി കുറ്റകരമായ മൗനമാണ് തുടരുന്നതെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പ് ഇല്ലാതെ തുറന്ന് വിടുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നുവെന്ന് ജോസ് കെ മാണി എംപി പ്രതികരിച്ചു. തമിഴ്നാട് ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നു. മുല്ലപ്പെരിയാർ വാട്ടർബോംബ് ആയി. പകൽ സമയത്ത് മാത്രമേ അണക്കെട്ട് തുറക്കാവൂ എന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് ചെവിക്കൊള്ളുന്നില്ലെന്നും ജോസ് കെ മാണി വിമര്‍ശിച്ചു.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നതിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. നാട്ടുകാർ കൊല്ലം-തേനി റോഡ് ഉപരോധിക്കും. വണ്ടിപ്പെരിയാർ കക്കി കവലയിലാണ് പ്രതിഷേധം

ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്‍റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നാണ് തമിഴ്നാട് വന്‍തോതില്‍ വെള്ളം തുറന്നുവിട്ടത്. ഒന്‍പത് ഷട്ടറുകൾ 120 സെന്‍റീമീറ്റർ വീതം ഉയർത്തി. സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്. ഘട്ടം ഘട്ടമായി 8 ഷട്ടറുകൾ അടച്ചു. ഇപ്പോള്‍ തുറന്നിരിക്കുന്നത് ഒരു ഷട്ടർ മാത്രമാണ്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ആശങ്ക ഒഴിഞ്ഞത്.

Related Tags :
Similar Posts