രാജ്യം വൈദ്യുതിക്ഷാമത്തിൽ; കേരളവും പ്രതിസന്ധിയിലേക്ക്, താപനിലയങ്ങളിൽ കൽക്കരി സ്റ്റോക്കില്ല
|കേരളം വൈദ്യുതിക്കായി ആശ്രയിക്കുന്ന നാലു താപ വൈദ്യുത നിലയങ്ങളില്‍ മൂന്നിലും കല്‍ക്കരി ക്ഷാമം രൂക്ഷമാണ്
കല്‍ക്കരിക്ഷാമം കേരളത്തിലെ വൈദ്യുതി ഉത്പാദനത്തെ ഗുരുതരമായി ബാധിക്കും. കേരളം വൈദ്യുതിക്കായി ആശ്രയിക്കുന്ന നാല് താപ വൈദ്യുത നിലയങ്ങളില്‍ മൂന്നിലും കല്‍ക്കരി ക്ഷാമം രൂക്ഷമാണ്. കല്‍ക്കരി ക്ഷാമം വേഗത്തില്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
കൽക്കരി ക്ഷാമം വൈദ്യുതി മുടക്കത്തിലേക്കു നയിക്കില്ലെന്നു കേന്ദ്രസർക്കാർ ഉറപ്പിച്ചു പറയുമ്പോഴും താപവൈദ്യുതി നിലയങ്ങളുടെ പ്രതിസന്ധി തുടരുന്നു. കേരളത്തിന് ആവശ്യമുള്ളതിന്‍റെ മുക്കാൽ ഭാഗവും കേന്ദ്രപൂളിൽ നിന്നാണ് ലഭിക്കുന്നത്. കേന്ദ്രം നൽകുന്ന ഈ വൈദ്യുതി, താപ വൈദ്യുത നിലയങ്ങൾ ഉത്പാദിപ്പിക്കുന്നതാണ്. രാമഗുണ്ടം , കുഡ്കി, സിംഹാദ്രി ,താൽച്ചർ എന്നീ വൈദ്യുത നിലയങ്ങളിൽ നിന്നാണ് കേരളത്തിനുള്ള വൈദ്യുതി എത്തുന്നത്.
തെലങ്കാന രാമഗുണ്ടത്തെ കൽക്കരി സ്റ്റോക്ക് 21 ശതമാനമായി കുറഞ്ഞപ്പോൾ കർണാടകയിലെ കുഡ്കിയിൽ അഞ്ച് ശതമാനമായി. ആന്ധ്രായിലെ സിംഹാദ്രി നിലയത്തിലാണ് ഏറ്റവും കടുത്ത ക്ഷാമം. രണ്ട് ശതമാനം മാത്രമാണ് ഇവിടെ കൽക്കരിയുടെ സ്റ്റോക്ക് . ഈ മൂന്നു നിലയങ്ങൾകൂടിയാണ് കേരളത്തിലേക്ക് ആവശ്യമുള്ളതിന്‍റെ അൻപത് ശതമാനം വൈദ്യുതി നൽകുന്നത്. ബാക്കി അൻപത് ശതമാനം ഒറ്റയടിക്ക് നൽകുന്നത് ഒഡീഷയിലെ താൽച്ചർ വൈദ്യുത നിലയമാണ്. താൽച്ചറിൽ നിന്നുള്ള വൈദ്യുത പാത തൃശൂരിലെ മാടക്കത്തറയിൽ എത്തുന്നു. വടക്കൻ കേരളത്തിലേക്കുള്ള വൈദ്യുതി ഇവിടെ നിന്നാണ് എത്തിക്കുന്നത്. താൽചർ നിലയിൽ 71 ശതമാനം കൽക്കരി സ്റ്റോക്കുണ്ട്.
രാജസ്ഥാൻ, ഉത്തർപ്രദേശ് , പഞ്ചാബ്, കർണാടകം എന്നീ സംസ്ഥാനങ്ങൾ പവർകട്ടിലേക്ക് തിരിഞ്ഞു . രാജസ്ഥാനിലെ ഗ്രാമങ്ങളിൽ 12 മണിക്കൂർ വരെയാണ് പവർകട്ട്. 15 താപ വൈദ്യുത നിലയങ്ങൾ കൽക്കരി ക്ഷാമം കൊണ്ട് പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്. പരസ്പരം പഴിചാരാതെ എത്രയും വേഗം നിലയങ്ങളിൽ കൽക്കരി എത്തിക്കണമെന്ന് എൻ ടി പി സിയുടെ മുൻ സി എം ഡി ആർ എസ് ശർമ്മ ഊർജ സെക്രട്ടറിക്കു കത്തെഴുതി.