ഗവർണറുടെ ഭീഷണി: കേരള സർവകലാശാലയുടെ നിർണായക സെനറ്റ് യോഗം ഇന്ന്
|അന്ത്യശാസനമടക്കം നൽകിയിട്ടും കുലുങ്ങാത്ത വി.സി സെനറ്റ് പിരിച്ചുവിടുമെന്ന ഗവർണറുടെ ഭീഷണിക്ക് മുന്നിലാണ് യോഗം വിളിക്കാൻ തയ്യാറായത്.
തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനത്തിൽ നിർണായക സെനറ്റ് യോഗം ഇന്ന്. വി.സിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നാമനിർദേശം ചെയ്യുന്നതിൽ ചർച്ച നടക്കും. ഗവർണറുടെ സെർച്ച് കമ്മിറ്റി രൂപീകരണം ചട്ട വിരുദ്ധമാണെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സർവകലാശാല.
അന്ത്യശാസനമടക്കം നൽകിയിട്ടും കുലുങ്ങാത്ത വി.സി സെനറ്റ് പിരിച്ചുവിടുമെന്ന ഗവർണറുടെ ഭീഷണിക്ക് മുന്നിലാണ് യോഗം വിളിക്കാൻ തയ്യാറായത്. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകണമോ എന്ന കാര്യത്തിൽ യോഗം തീരുമാനമെടുക്കും. ഗവർണറുടെ കമ്മിറ്റി രൂപീകരണത്തിനെതിരെ കഴിഞ്ഞ സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിനിധിയെ നാമനിർദേശം ചെയ്യേണ്ടതില്ലെന്നാണ് ഭരണപക്ഷ അംഗങ്ങളുടെ നിലപാട്. നിയമോപദേശത്തിന്റെ പിൻബലവും സർവകലാശാലക്കുണ്ട്. എന്നാൽ പ്രതിനിധിയെ നൽകണമെന്ന അഭിപ്രായമാകും പ്രതിപക്ഷാംഗങ്ങൾ മുന്നോട്ടുവയ്ക്കുക. ഭൂരിപക്ഷം ഭരണപക്ഷത്തിന് ആയതിനാൽ പ്രതിനിധിയെ നാമനിർദേശം ചെയ്യാനുള്ള സാധ്യത കുറവാണ്.
യോഗത്തിലെ വി.സിയുടെ നിലപാടും നിർണായകമാകും. സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിലും വി.സിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവർണറുടെ നീക്കം. സെർച്ച് കമ്മിറ്റിയുടെ കാലാവധി ഒരു മാസം കൂടി നീട്ടുന്നതിനെക്കുറിച്ചും രാജ്ഭവൻ ആലോചിക്കുന്നുണ്ട്. ഈമാസം 24നാണ് നിലവിലെ വൈസ് ചാൻസിലർ വി.പി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്.