Kerala
kerala university

കേരള സര്‍വകലാശാല

Kerala

വിവാദങ്ങള്‍ക്കിടെ കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന്

Web Desk
|
16 Feb 2024 1:02 AM GMT

നിയമനത്തിനായുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നതിനായാണ് യോഗം ചേരുന്നത്

തിരുവനന്തപുരം: വിവാദങ്ങൾ മുറുകി നിൽക്കെ കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന്. വി.സി നിയമനത്തിനായുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നതിനായാണ് യോഗം ചേരുന്നത്. പ്രതിഷേധത്തിന് സാധ്യത ഉള്ളതിനാൽ ചാൻസിലർ നിയമിച്ച അംഗങ്ങൾ പോലീസ് സംരക്ഷണത്തിൽ ആയിരിക്കും യോഗത്തിന് എത്തുക.

സെർച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സർവകലാശാലയിൽ സെനറ്റ് യോഗം ചേരുന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിർപ്പുകളും വിവാദങ്ങളും ഉയർന്നിരുന്നു. ഇതിനെ എല്ലാം മറികടന്നുകൊണ്ടാണ് ഇന്ന് യോഗം ചേരുന്നത്. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ സർവകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുള്ളത്. 106 അംഗങ്ങളുള്ള സെനറ്റിൽ ക്വാറം തികയാൻ മൂന്നിലൊന്ന് അംഗബലം മതിയാകും.

ഭൂരിപക്ഷം ഇടതു അംഗങ്ങൾ ആണെങ്കിലും ചാൻസിലർ നോമിനികളും യു.ഡി.എഫ് പ്രതിനിധികളും ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ എത്തിയാൽ ക്വാറം തികയും. അതിനാൽ തന്നെ എൽഡിഎഫ് അംഗങ്ങൾ യോഗത്തിന് എത്താനാണ് സാധ്യത. സർവ്വകലാശാല ഭേദഗതി ബിൽ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നൽകേണ്ടതില്ല എന്നാണു സി.പി.എം തീരുമാനം. സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ യുജിസി ചട്ടവും കേരള സർവകലാശാല നിയമവും തമ്മിലുള്ള വൈരുദ്ധ്യവും ഇടത് അംഗങ്ങൾ യോഗത്തിൽ മുന്നോട്ടുവയ്ക്കും.

അതുകൊണ്ടുതന്നെ ഇന്ന് പ്രതിനിധിയെ നിശ്ചയിക്കാനുള്ള സാധ്യത വളരെ കുറവാണ്. സെനറ്റ് പുനസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗമായതിനാൽ ചാൻസിലർ നിർദേശിച്ച നോമിനികളും പങ്കെടുക്കും. കാലിക്കറ്റ് സർവകലാശാലയിലെതു പോലെ ഇവിടെയും പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പൊലീസ് സംരക്ഷണം വേണമെന്ന് വൈസ് ചാൻസിലറും അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം ഉള്ളതിനാൽ കനത്ത പൊലീസ് ബന്ധവസിലാകും യോഗം നടക്കുക.



Similar Posts