കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്: 3 സീറ്റുകൾ എൽ.ഡി.എഫിന്
|ചരിത്രത്തിലാദ്യമായി ബി.ജെ.പി ഒരു സീറ്റ് നേടി
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലെ ഫലം പ്രഖ്യപിച്ചു. 3 സീറ്റുകൾ എൽ.ഡി.എഫിന് ലഭിച്ചു. എ.കെ.പി.സി.ടി.എ രണ്ട് സീറ്റ് നേടിയപ്പോൾ എ.കെ.ജി.സി.ടി.എ ഒരു സീറ്റിൽ വിജയിച്ചു. ഒരു സീറ്റിൽ ബി.ജെ.പി യുടെ പ്രതിനിധിയായ ടി.ജി വിനോദ് കുമാർ വിജയിച്ചു. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ സീറ്റ് നേടുന്നത്. പാലോട്ട് ബൊട്ടാണിക്കൽ ഗാർഡനിലെ സയന്റിസ്റ്റാണ് വിനോദ്കുമാർ.
12 സീറ്റുകളാണ് സിൻഡിക്കേറ്റിൽ ആകെയുള്ളത്. ഇതിൽ 3 സീറ്റുകളിലേക്ക് ഇടത് പ്രതിനിധികൾ എതിരില്ലാത വിജയിച്ചിരുന്നു. ബാക്കിയുള്ള 9 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇനി 4 സീറ്റുകളുടെ ഫലം പുറത്തുവാരാനുണ്ട്. അതേസമയം ഗവൺമെൻറ് കോളേജ് സീറ്റിലെ ഫലപ്രഖ്യാപനത്തെ ചൊല്ലി തർക്കം രൂപപ്പെട്ടതിനാൽ വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവച്ചു. ഈ സീറ്റിലെ വോട്ടുകൾ വീണ്ടും എണ്ണും. എന്നാൽ ഔദ്യോഗിക ഫല പ്രഖ്യാപനം കോടതി വിധിക്ക് ശേഷമേ ഉണ്ടാകു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളാണ് രാവിലെ മുതൽ അരങ്ങേറിയത്. കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിലെ തർക്കമില്ലാത്ത വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിക്കാമെന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 98-ൽ 82 വോട്ടുകൾ എണ്ണാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തർക്കമുള്ള 15 വോട്ടുകൾ എണ്ണരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
വോട്ടെണ്ണൽ നടത്താമെന്ന് നിയമോപദേശം ലഭിച്ചിട്ടും വിസി വഴങ്ങിയില്ലെന്ന പരാതിയുമായി ഇടത് പ്രവർത്തകരും എസ്.എഫ്.ഐയും പ്രതിഷേധിച്ചിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ വി.സിയുടെ കാറിന്റെ കാറ്റൂരി വിട്ടെന്നും പരാതി ഉയർന്നു.