Kerala
കേരള സര്‍വ്വകാലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി: ഗവർണർക്കെതിരെ വിസി
Kerala

കേരള സര്‍വ്വകാലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി: ഗവർണർക്കെതിരെ വിസി

Web Desk
|
18 Oct 2022 11:11 AM GMT

ചാന്‍സലറുടെ അധികാരം ഉപയോഗിച്ച് നോമിനേറ്റ് ചെയ്ത 15 പേരെയാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പിന്‍വലിച്ചത്

തിരുവനന്തപുരം: കേരള സര്‍വ്വകാലാശാല സെനറ്റില്‍ നിന്ന് ചാന്‍സലറുടെ നോമിനികളെ പിന്‍വലിച്ച നടപടിക്കെതിരെ നിയമപോരാട്ടം നടത്താനൊരുങ്ങി സിപിഎം. പുറത്താക്കപ്പെട്ട പ്രതിനിധികളില്‍ ഒരാള്‍ കോടതിയെ സമീപിച്ചേക്കും .

അതിനിടെ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ച് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വിപി മഹാദേവൻപിള്ള ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പുറത്താക്കപ്പെട്ട 15 പേരില്‍ നാല് പേര്‍ എക്സ് ഒഫിഷ്യോ അംഗങ്ങളാണെന്നും ഇവരെ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നുമാണ് വിസിയുടെ നിലപാട്. അത് കൊണ്ട് തന്നെ 15 പേരെ പുറത്താക്കിയ നടപടി നിലനില്‍ക്കില്ലെന്ന വാദവും വിസി മുന്നോട്ട് വയ്ക്കുന്നുണ്ട്.

കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് ചാന്‍സലറുടെ അധികാരം ഉപയോഗിച്ച് നോമിനേറ്റ് ചെയ്ത 15 പേരെയാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പിന്‍വലിച്ചത്. സിപിഎമ്മിന്‍റെ അംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഗവര്‍ണറുടെ നടപടിയില്‍ കടുത്ത അതൃപ്തിയുള്ള സിപിഎം ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുന്നുവെന്നാണ് വിവരം. പുറത്താക്കപ്പെട്ട സിപിഎം പ്രതിനിധികളില്‍ ഒരാള്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത കോടതിയെ സമീപിച്ചേക്കും. ഇത് സംബന്ധിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്. ഗവര്‍ണറുടെ നടപടിയില്‍ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഒരാളെ പുറത്താക്കുന്നതിന് മുന്‍പ് അയാളില്‍ നിന്ന് വിശദീകരണം തേടണം. എന്നാല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അതുണ്ടായിട്ടില്ല.

കോടതിയെ സമീപിക്കുമ്പോൾ ഒരു വിഷയമായി ഉയര്‍ത്തിക്കാട്ടുന്നത് ഇതായിരിക്കും. സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഗവര്‍ണര്‍ ഇടപെട്ടുവെന്ന പരാതിയും സിപിഎം ഉയര്‍ത്തിയേക്കും. ഗവര്‍ണറുടെ നടപടിക്കെതിരെ കേരള വിസിയും രംഗത്ത് വന്നു. ചാന്‍സലറുടെ നോമിനികളെ പിന്‍വലിച്ച നടപടി സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടി വിസി വിപി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് കത്ത് നല്‍കി..

Similar Posts