Kerala
കേരള സർവകലാശാല വി.സി നിയമനം: സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്ന ഉത്തരവിന് സ്‌റ്റേ
Kerala

കേരള സർവകലാശാല വി.സി നിയമനം: സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്ന ഉത്തരവിന് സ്‌റ്റേ

Web Desk
|
22 Dec 2022 12:20 PM GMT

2018 ലെ യു.ജി.സി റെഗുലേഷൻ പ്രകാരം ചാൻസലറായ ഗവർണർക്ക് സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ തീരുമാനിക്കാൻ അധികാരമില്ലെന്ന് കേരള സർവകലാശാല ഹൈക്കോടതിയിൽ

എറണാകുളം: കേരള സർവകലാശാല വി സി നിയമനത്തിനായി സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. കേരള സർവകലാശാല നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തനുള്ളിൽ വി.സിയെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്നും രണ്ട് മാസത്തിനുള്ളിൽ വി.സിയെ തെരഞ്ഞെടുക്കണമെന്നുമായിരുന്നു ഉത്തരവ്.

സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിച്ചില്ലെങ്കിൽ ചാൻസിലർ തീരുമാനിച്ച രണ്ട് സെർച്ച് കമ്മിറ്റി അംഗങ്ങളുമായി മുന്നോട്ട് പോകാമെന്നും വി.സിയെ തെരഞ്ഞെടുക്കാമെന്നും ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് കേരള സർവകലാശാല ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് കേരള സർവകലാശാലയ്ക്ക് അനുകൂലമായ നടപടി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

2018 ലെ യു.ജി.സി റെഗുലേഷൻ പ്രകാരം ചാൻസലറായ ഗവർണർക്ക് സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ തീരുമാനിക്കാൻ അധികാരമില്ലെന്ന് കേരള സർവകലാശാല ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് സർവകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു.

വി.സിമാരുടെ നിയമനത്തിൽ ഉൾപ്പെടെ സെർച്ച് കമ്മിറ്റിയെ ചോദ്യം ചെയ്തുള്ള ഗവർണറുടെ നടപടിയെ പൂർണമായും എതിർക്കാൻ സർക്കാർ ഈ ഉത്തരവ് ആയുധമാക്കിയേക്കും. കേരള സർവാകലാശല സെനറ്റ് അംഗങ്ങൾക്ക് കൂടി അനുകൂലമായ ഹൈക്കോടതി നടപടി ഗവർണർക്ക് തിരിച്ചടിയായിരിക്കുകയാണ്.

Similar Posts