രാജി വേണ്ടെന്ന് വി.സിമാരോട് സർക്കാർ; ഇറങ്ങിയില്ലെങ്കിൽ പുറത്താക്കുമെന്ന് ഗവർണർ-പോര് തെരുവിലേക്ക്
|- വി.സിമാർ രാജിവച്ചില്ലെങ്കിൽ ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ഗവർണർ
തിരുവനന്തപുരം: രാജിവയ്‌ക്കേണ്ടെന്ന് വൈസ് ചാൻസലർമാർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയതോടെ വീണ്ടും ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജിവച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ഒൻപതു സർവകലാശാലകളുടെ വി.സിമാർക്കാണ് നാളെ രാവിലെ 11.30നു മുൻപ് രാജിവയ്ക്കാൻ ഗവർണറുടെ അന്ത്യശാസനം.
വി.സിമാർ രാജിവച്ചില്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്നാണ് ഗവർണർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വി.സിമാർക്ക് ഗവർണർ അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾക്കു വിരുദ്ധമായാണ് സംസ്ഥാനത്തെ സർവകലാശാലാ വൈസ് ചാൻസലർമാരെ നിയമിച്ചിരിക്കുന്നതെന്ന് കത്തിൽ പറയുന്നു. നിയമാനുസൃതമായി പുതിയ നിയമനങ്ങൾ നടത്താനും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഗവർണറുടെ ഉത്തരവിനു കീഴടങ്ങി രാജിവയ്‌ക്കേണ്ടെന്നാണ് സർക്കാർ വി.സിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഗവർണറുടെ ഉത്തരവിന്റെ നിയമവശങ്ങൾ സർക്കാർ പരിശോധിക്കുകയാണ്. അതേസമയം, രാജിയില്ലെങ്കിൽ ഗവർണർ കൈക്കൊള്ളാൻ പോകുന്ന അടുത്ത നടപടി നിർണായകമാകും. സീനിയർ പ്രൊഫസർമാർക്ക് വി.സി ചുമതല നൽകാൻ സാധ്യതയുണ്ട്. എല്ലാ സർവകലാശാലയിലെയും സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടുത്തിടെ ശേഖരിച്ചിരുന്നു.
വൈകീട്ട് അഞ്ചു മണിയോടെയാണ് സംസ്ഥാനചരിത്രത്തിലെ തന്നെ അസാധാരണനീക്കവുമായി ഗവർണർ രംഗത്തെത്തുന്നത്. കേരള, എം.ജി, കുസാറ്റ്, കേരള ഫിഷറീസ്, കണ്ണൂർ, എ.പി.ജെ അബ്ദുൽ കലാം, ശ്രീ ശങ്കരാചാര്യ, കാലിക്കറ്റ്, മലയാളം സർവകലാശാലകളിലെ വി.സിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30നുമുൻപ് രാജിവച്ചൊഴിയാനാണ് അന്ത്യശാസനം.
Summary: Governor Arif Mohammad Khan warns that he will sack the University VCs if they didn't resign as Kerala government instructs them not to resign