മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് തമിഴ്നാട് മുന്നറിയിപ്പ് നൽകണമെന്ന് കേരളം
|ഡാം തുറക്കുന്നതിനു മുന്നോടിയായി മൂന്ന് താലൂക്കുകളില്‍ 883 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് കലക്റടുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം വിലയിരുത്തി
മുല്ലപ്പെരിയാറിൽ ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്ന് തമിഴ്നാടിനോട് കേരളം. ഡാം തുറക്കുന്നതിന് മുന്നോടിയായി മൂന്ന് താലൂക്കുകളില്‍ 883 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് കലക്റടുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം വിലയിരുത്തി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടു.
ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുകയാണ്.ഡാം തുറന്നാല്‍ വേണ്ടിവരുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് വണ്ടിപ്പെരിയാറില്‍ ചേർന്ന യോഗം വിലയിരുത്തിയത്.സ്പിൽവേ തുറന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങളും ചർച്ചയായി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ നിലവില്‍ നീരൊഴുക്ക് കുറവാണ്. 2220 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതേ അളവില്‍ തമിഴ്നാടും വെള്ളം പെന്‍സ്റ്റോക്ക് വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ കേരളം ആവശ്യപ്പെട്ട പ്രകാരം കൂടുതല്‍ വെള്ളം ഇതുവരെ തമിഴ്നാട് കൊണ്ടുപോയിട്ടില്ല.
താരതമ്യേന പതുക്കെയാണ് ഡാമിലെ ജലനിരപ്പ് ഉയരുന്നത്. 138 അടിയിലേക്ക് വെള്ളമെത്തിയാല്‍ കേരളത്തിന് തമിഴ്നാട് സർക്കാർ അടുത്ത അറിയിപ്പ് നല്‍കും. പിന്നീട് 140 അടിയിലെത്തിയാല്‍ ആദ്യ മുന്നറിയിപ്പും. 141 ല്‍ രണ്ടാമത്തെയും പരമാവധി സംഭരണ ശേഷിയായ 142 ല്‍ അവസാന മുന്നറിയിപ്പുമാണ് നല്‍കുക.