'കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റാണ് റീ കൗണ്ടിങ് നിർത്തിവെക്കേണ്ടെന്ന് പറഞ്ഞത്'; വിശദീകരണവുമായി കേരളവർമ കോളജ് പ്രിൻസിപ്പൽ
|തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് എസ്.എഫ്.ഐ ജയിച്ചതെന്ന് കെ.എസ്.യു ആരോപിച്ചിരുന്നു.
തൃശൂർ: കേരളവർമ കോളജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കോളജ് പ്രിൻസിപ്പൽ ടി.ഡി ശോഭ. റീ കൗണ്ടിങ് സമയത്ത് തർക്കമുണ്ടായപ്പോൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റാണ് റീ കൗണ്ടിങ് തുടരാൻ ആവശ്യപ്പെട്ടത്. മാനേജ്‌മെന്റ് പറഞ്ഞാൽ അംഗീകരിക്കാതിരിക്കാനാവില്ല. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമോ എന്നത് ആലോചിച്ച് തീരുമാനിക്കും. തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ പൂർണ അധികാരം റിട്ടേണിങ് ഓഫീസർക്കാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് എസ്.എഫ്.ഐ ജയിച്ചതെന്ന് കെ.എസ്.യു ആരോപിച്ചിരുന്നു. കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടനാണ് ഒരു വോട്ടിന് ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചിരുന്നത്. തുടർന്ന് എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. അർധരാത്രി വരെ നീണ്ട വോട്ടെണ്ണലിനിടെ പല തവണ കരണ്ട് പോയിരുന്നു. അപ്പോൾ വോട്ടെണ്ണൽ നിർത്തിവെക്കാൻ ആവശ്യപ്പെട്ടെങ്കിൽ ഇടത് അധ്യാപക സംഘടനാ നേതാവായ റിട്ടേണിങ് ഓഫീസർ അംഗീകരിച്ചില്ലെന്നും കെ.എസ്.യു ആരോപിച്ചിരുന്നു. തുടർന്ന് എസ്.എഫ്.ഐ സ്ഥാനാർഥി 11 വോട്ടിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.