അർധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങൾ; കേരളവർമ കോളജിൽ റീകൗണ്ടിങ്ങിൽ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐക്ക്
|തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് എസ്.എഫ്.ഐ ജയിച്ചതെന്ന് കെ.എസ്.യു ആരോപിച്ചു.
തൃശൂർ: കേരളവർമ കോളജിൽ അർധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐക്ക്. വോട്ടെടുപ്പിൽ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ വിജയിച്ചെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. എന്നാൽ റീ കൗണ്ടിങ്ങിൽ എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ് അനിരുദ്ധൻ വിജയിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് എസ്.എഫ്.ഐ ജയിച്ചതെന്ന് കെ.എസ്.യു ആരോപിച്ചു. റീകൗണ്ടിങ് നടത്തിയത് ഇടത് അനുകൂല അധ്യാപകരാണെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടമറിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.
റീ കൗണ്ടിങ് നടത്തുന്നതിനിടെ രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഇതോടെ വൈദ്യുതിയില്ലാത്ത സമയത്ത് റീ കൗണ്ടിങ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീക്കുട്ടൻ അധ്യാപകർക്ക് മുന്നിലെത്തി. എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കെ.എസ്.യുവും രംഗത്തെത്തിയതോടെ കോളജിൽ സംഘർഷാവസ്ഥയുണ്ടായി. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.