കേരള വാട്ടർ അതോറിറ്റി അസി.എഞ്ചിനീയർ പരീക്ഷ; സിലബസിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗക്കാർക്ക് കൂടുതൽ പരിഗണന നൽകിയെന്ന് ആക്ഷേപം
|കെമിക്കൽ, മെക്കാനിക്കൽ വിഭാഗക്കാർക്ക് മാർക്ക് കുറച്ച് നൽകിയതോടെ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. മാർക്ക് വിഭജനം പുനക്രമീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം
കോഴിക്കോട്: കേരള വാട്ടർ അതോറിറ്റി അസി.എഞ്ചിനീയർ പരീക്ഷയുടെ സിലബസിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗക്കാർക്ക് കൂടുതൽ പരിഗണന നൽകിയെന്ന് ആക്ഷേപം. കെമിക്കൽ, മെക്കാനിക്കൽ വിഭാഗക്കാർക്ക് മാർക്ക് കുറച്ച് നൽകിയതോടെ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. മാർക്ക് വിഭജനം പുനക്രമീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം .
കേരള വാട്ടർ അതോറ്റി അസി. എഞ്ചിനീയർ വിഭാഗത്തിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത് മെയ് മാസത്തിലാണ്. കഴിഞ്ഞ ദിവസം പരീക്ഷയുടെ സിലബസ് പുറത്തുവന്നതോടെയാണ് പരാതി ഉയർന്നത്. സിവിൽ എഞ്ചിനീയിറിങ് വിഭാഗത്തിന് 60 മാർക്ക് മെക്കാനിക്കൽ വിഭാഗത്തിന് 25 മാർക്ക് കെമിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിന് 15 മാർക്ക് എന്നിങ്ങനെയാണ് സിലബസ് വിഭജിച്ചിരിക്കുന്നത്. കഴിഞ്ഞ പരീക്ഷകളിൽ വിവിധ വിഭാഗങ്ങൾക്ക് തുല്യമായി പരിഗണയാണ് നൽകിയിരുന്നത്. പുതിയ മാറ്റം തങ്ങളുടെ സാധ്യത ഇല്ലാതാക്കിയെന്നാണ് സിവിൽ വിഭാഗക്കാരല്ലാത്ത ഉദ്യോഗാർഥികളുടെ പരാതി.
നൂറോളം എഞ്ചിനീയർമാരുടെ നിയമനം നടക്കേണ്ട പരീക്ഷക്കാണ് ഈ താളം തെറ്റൽ വന്നിരിക്കുന്നത്. ഒക്ടോബർ 15 നാണ് പരീക്ഷ നടക്കുന്നത്. അതിന് മുമ്പായി മാർക്ക് വിഭജനം തുല്യമാക്കി പുതിയ വിജ്ഞാപനം ഇറക്കണമെന്നാവശ്യപ്പെട്ട് കെമിക്കൽ, മെക്കാനിക്കൽ വിഭാഗം ഉദ്യോഗാർഥികൾ പി.എസ്.സി ചെയർമാനും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.