മൂന്നു കൊല്ലം കൊണ്ട് പട്ടിണിയില്ലാത്തവരുടെ നാടായി കേരളം മാറും: എംവി ഗോവിന്ദൻ
|"64006 കുടുംബങ്ങളാണ് കേരളത്തിൽ അതിദരിദ്രരായിട്ടുള്ളത്."
കാട്ടാക്കട: എൽഡിഎഫ് സർക്കാറിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കേരളം പട്ടിണിയില്ലാത്തവരുടെ നാടായി മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ് എന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ഊരുട്ടമ്പലം ലോക്കൽ കമ്മിറ്റി കീളിയോട് സ്വദേശിനിക്ക് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയിൽ ഏറ്റവും കുറവ് പട്ടിണിയുള്ള സംസ്ഥാനം കേരളമാണ്. അത് നിതി ആയോഗിന്റെ കണക്കാണ്. 0.7 ശതമാനമായിരുന്നു ഈ കണക്കെടുക്കുമ്പോഴുള്ള പട്ടിണി. ഇപ്പോഴത് 0.5 ആണ്. ഉത്തരേന്ത്യയിലൊക്കെ ഇത് 40 ശതമാനം വരെയാണ്. 64006 കുടുംബങ്ങളാണ് കേരളത്തിൽ അതിദരിദ്രരായിട്ടുള്ളത്. ഈ ഗവൺമെന്റിന്റെ കാലാവധി പൂർത്തിയാക്കും മുമ്പ് കേരളത്തിൽ അതിദരിദ്രരില്ലാത്ത സാഹചര്യത്തിലേക്ക് നമുക്ക് വളരണം.' - അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മൂന്നര ലക്ഷം ദരിദ്രർക്ക് സർക്കാർ സ്വന്തമായി വീട് നിർമിച്ചു നൽകിയതായി എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. 'അതിദരിദ്രരായ ഈ കുടുംബങ്ങളെയാണ് എൽഡിഎഫ് ദത്തെടുത്തിട്ടുള്ളത്. അദാനിയെയും അംബാനിയെയുമാണ് മോദി സർക്കാർ ദത്തെടുത്തിട്ടുള്ളത്. ഭൂമിയുള്ള ഒന്നര ലക്ഷം ആളുകൾക്ക് ഇനിയും വീടു വേണം. ഭൂമിയും വീടുമില്ലാത്ത ആളുകളുണ്ട്. 3,42,000 പേർക്ക് സ്വന്തമായി ഭൂമിയും വീടുമില്ല. എല്ലാവർക്കും ഭൂമി എന്ന ആശയം ബിജെപിക്ക് ആലോചിക്കാൻ പോലുമാകില്ല.' - അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചു ലക്ഷത്തിനടുത്ത് ആളുകൾക്ക് വീടുണ്ടാക്കി നൽകാനുള്ള ബാധ്യതയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്. എല്ലാറ്റിനും മോഡലാണ് കേരളം. അത് വെറുതെ പറയുന്നതല്ല. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റും. കെ റെയിൽ ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾക്കായി കേന്ദ്രം ഒന്നുതരുന്നില്ല. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറും- ഗോവിന്ദൻ പറഞ്ഞു.