7 മണിക്കൂറിൽ 54 ശതമാനം പോളിങ് രേഖപ്പെടുത്തി പുതുപ്പള്ളി
|47995 പുരുഷ വോട്ടർമാരും 47517 സ്ത്രീ വോട്ടർമാരും 2 ട്രാൻസ്ജെൻഡർ വോട്ടർമാരും അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് 2 മണി വരെ 54 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടുമണിവരെ 49.55 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
ഏഴ് മണിക്കൂർ പിന്നിടുമ്പോൾ 90572 വോട്ടുകളാണ് ആകെ പോള്‍ ചെയ്തിരിക്കുന്നത്. 47995 പുരുഷ വോട്ടർമാരും 47517 സ്ത്രീ വോട്ടർമാരും 2 ട്രാൻസ്ജെൻഡർ വോട്ടർമാരും അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.
ഒരു മാസം നീണ്ടുനിന്ന വാശിയേറിയ പ്രചരണം ജനങ്ങളെ ഏറെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു അതിരാവിലെ മുതൽ ബൂത്തുകളിലേക്കുള്ള വോട്ടർമാരുടെ ഒഴുക്ക്. മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ബൂത്തുകളിൽ രാവിലെ മുതൽ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയാണ് ദൃശ്യമായത്.
അതേസമയം, മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തി. വാകത്താനം ജോർജിയൻ സ്‌കൂളിലായിരുന്നു ചാണ്ടി ഉമ്മന് വോട്ട്. അമ്മയ്ക്കും കുടുംബത്തിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
മണർകാട് കണിയാൻകുന്ന് ഗവ. സ്‌കൂളിലാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.