'സിൽവർ ലൈൻ പദ്ധതി വിഡ്ഢിത്തം'; കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലെന്ന് ഇ. ശ്രീധരൻ
|പദ്ധതിക്ക് 75,000 കോടി രൂപയാണു ചെലവു കണക്കാക്കിയിട്ടുള്ളതെങ്കിലും പണി കഴിയുമ്പോൾ 1.1 ലക്ഷം കോടി രൂപയെങ്കിലുമാകും. സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനം ഈ തുക എങ്ങനെ കണ്ടെത്തുമെന്നും അദ്ദേഹം ചോദിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ ഇ ശ്രീധരൻ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി വലിയ വിഡ്ഢിത്തമാണെന്നാണ് മെട്രോമാന്റെ പരാമര്‍ശം. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ റെയിൽ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന 'ചൈനാ മതിൽ' രൂപപ്പെടുമെന്നും ശ്രീധരന് പറഞ്ഞു.
"പാതയുടെ അലൈൻമെന്റ് ശരിയല്ല. തിരൂർ മുതൽ കാസർകോട് വരെ റെയിൽപാതയ്ക്കു സമാന്തരമായി വേഗപാത നിർമിക്കുന്നത് ഭാവിയിൽ റെയിൽപാത വികസനത്തെ ബാധിക്കുമെന്നതിനാൽ റെയിൽവേ എതിർക്കുകയാണ്. 140 കിലോമീറ്റർ പാത കടന്നുപോകുന്നത് നെൽവയലുകളിലൂടെയാണ്. ഇതു വേഗപാതയ്ക്ക് അനുയോജ്യമല്ല. നിലവിലെ പാതയിൽ നിന്നു മാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണു വേഗപാത നിർമിക്കേണ്ടത്. ലോകത്തെവിടെയും വേഗപാതകൾ തറനിരപ്പിൽ നിർമിക്കാറില്ല" ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇ.ശ്രീധരന് വ്യക്തമാക്കി.
ഇതുവരെ നേരിട്ടുള്ള ലൊക്കേഷൻ സർവേ നടത്തിയിട്ടില്ലെന്നും ഗൂഗിൾ മാപ്പും ലിഡാർ സർവേയും ഉപയോഗിച്ച് അലൈൻമെന്റ് തയാറാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണു രൂപരേഖ തയാറാക്കിയത്. 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടിവരും. 2025ൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം ഏജൻസിയുടെ അറിവില്ലായ്മയുടെ തെളിവാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജൻസിയായ ഡി.എം.ആർ.സിക്കു പോലും എട്ടുമുതൽ 10 വർഷം വരെ വേണ്ടിവരും പദ്ധതി പൂര്‍ത്തിയാക്കാന്‍. പദ്ധതി പ്രഖ്യാപിച്ചിട്ട് അഞ്ചു വർഷമായിട്ടും ഒരു മേൽപാലം പോലും നിർമിക്കാനായിട്ടില്ല' അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിക്ക് 75,000 കോടി രൂപയാണു ചെലവു കണക്കാക്കിയിട്ടുള്ളതെങ്കിലും പണി കഴിയുമ്പോൾ 1.1 ലക്ഷം കോടി രൂപയെങ്കിലുമാകും. സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനം ഈ തുക എങ്ങനെ കണ്ടെത്തുമെന്നും അദ്ദേഹം ചോദിക്കുന്നു. ഭൂമി കൈമാറാൻ കേരളത്തിനു കഴിയാത്തതിനാലാണ് ഇവിടെ പാത ഇരട്ടിപ്പിക്കൽ സാവധാനത്തിലാകാൻ കാരണം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വികസനപദ്ധതികളെ എതിർക്കുന്നത് യു.ഡി.എഫും ബി.ജെ.പിയുമാണെന്നാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നത്. ജനങ്ങളെ വ്യാജവാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നത് ബി.ജെ.പി അംഗീകരിക്കില്ലെന്നും ശ്രീധരന് കൂട്ടിച്ചേര്‍ത്തു.
Kerala's ambitious SilverLine rail project 'an idiotic decision', says metroman E Sreedharan