Kerala
Keralas borrowing limit has been cut by Centre
Kerala

വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്; കേരളത്തിന്റെ കടമെടുപ്പിൽ 5600 കോടി വെട്ടിക്കുറച്ചു

Web Desk
|
7 Jan 2024 2:39 AM GMT

7437.61 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്, എന്നാൽ അനുവദിച്ചതാകട്ടെ 1838 കോടിയും

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞ് മുറുക്കി വീണ്ടും കേന്ദ്ര സർക്കാർ. അവസാന പാദ കടമെടുപ്പിൽ 5600 കോടി കേന്ദ്രം വെട്ടിക്കുറച്ചു. 7437.61 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചതാകട്ടെ 1838 കോടിയും. സാമ്പത്തിക വർഷാവസാനമാണ് കേന്ദ്രത്തിന്റെ കടുംവെട്ട്.

സംസ്ഥാനത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു എന്നത് ഇടതുപക്ഷ സർക്കാർ കഴിഞ്ഞ കുറച്ചു കാലമായി ഉയർത്തുന്ന പ്രധാന ആരോപണമാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടലും. ഏപ്രിൽ 1 മുതൽ ഡിസംബർ വരെയുള്ള മൂന്ന് പാദങ്ങളുടെ തുക ഒരുമിച്ചും മാർച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കേന്ദ്രം കടമെടുപ്പ് അനുവദിക്കുന്നത്. 45,689.61 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നുള്ള കടമെടുപ്പ് പരിധി. ഇതിൽ ഡിസംബർ വരെ 23,852 രൂപ സമാഹരിക്കാൻ കേരളത്തിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ സാമ്പത്തിക വർഷത്തിന്റെ അവസാനപാദം കേരളം ആവശ്യപ്പെട്ട തുക വലിയ രീതിയിൽ വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്രം.

പിഎഫും ട്രഷറി നിക്ഷേപവുമടങ്ങുന്ന പബ്ലിക് അക്കൗണ്ടിലെ പണം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ പെടുത്തി എന്നത് കൂടാതെ കഴിഞ്ഞ വർഷത്തെ കടമെടുപ്പ് നോക്കി പരിധി നിശ്ചയിക്കുന്നതിന് പകരം മൂന്ന് വർഷത്തെ ശരാശരി കണക്കെടുക്കുകയാണ് കേന്ദ്രം ചെയ്തത്. ഇതാണ് സംസ്ഥാനത്തിന് തിരിച്ചടിയായതും. മുൻ വർഷങ്ങളിലെ തുക പരിഗണിക്കരുതെന്ന കേരളത്തിന്റെ നിവേദനം പോലും കേന്ദ്രം പരിഗണിച്ചില്ല. ഇപ്പോൾ തന്നെ അഞ്ചു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയാണ് കേരളത്തിലുള്ളത്.

Similar Posts