'കേരളത്തിന്റെ കോവിഡ് പ്രതിരോധം കേന്ദ്ര സർക്കാരിനു പാഠമാണ്'; പ്രശംസിച്ച് റോയിട്ടേഴ്‌സ്
|ജനസംഖ്യയില്‍ മുന്നിലുള്ള മലപ്പുറത്തെ ഏറ്റവും വലിയ ആശുപത്രിയില്‍ കോവിഡ് കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമാണിവിടെ. ജില്ലയില്‍ കടകമ്പോളങ്ങളെല്ലാം തുറന്നുപ്രവര്‍ത്തിക്കുന്നു-റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്. കോവിഡിനെ കേരളം നേരിട്ട രീതി മോദി സർക്കാരിന് പാഠമാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് വിലയിരുത്തുന്നു. കോവിഡ് കണക്കിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണെങ്കിലും വൈറസ് പ്രതിരോധത്തിൽ സംസ്ഥാനം സ്വീകരിച്ച നടപടികളാണ് മരണനിരക്ക് കുറച്ചതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ദേശീയ, സംസ്ഥാന കോവിഡ് കണക്കുകളും പകർച്ചവ്യാധി വിദഗ്ധരുമായും കേരളത്തിലെ ആരോഗ്യ പ്രവർത്തകരുമായും നടത്തിയ അഭിമുഖങ്ങളും വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് റോയിട്ടേഴ്‌സ് അവകാശപ്പെടുന്നത്. ഇതുപ്രകാരം കേരളത്തിന്റെ കോവിഡ് പ്രതിരോധം രാജ്യത്തിന് ഒന്നാകെ മാതൃകയാണെന്നാണ് വ്യക്തമാകുന്നതെന്നാണ് ലേഖകൻ അവകാശപ്പെടുന്നത്.
വൈറസിന്റെ തുടക്കംതൊട്ടേ സംസ്ഥാനം സ്വീകരിച്ച കണ്ടെയിൻമെന്റ് നടപടികളാണ് കോവിഡിന്റെ അതിവേഗത്തിലുള്ള വ്യാപനം പിടിച്ചുകെട്ടിയത്. രോഗത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും മരണനിരക്ക് കുറയ്ക്കാനും ഇതു സഹായിച്ചു. ഡൽഹി പോലെയുള്ള നഗരങ്ങളിൽ ആശുപത്രികൾക്ക് പുറത്തും മറ്റും ഓക്‌സിജൻ കിട്ടാതെ ആളുകൾ കൂട്ടത്തോടെ മരിച്ചുവീണപ്പോള്‍ അതില്‍നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു കേരളത്തിലെ സ്ഥിതിഗതികൾ-റിപ്പോർട്ടിൽ പറയുന്നു.
ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായിട്ടും രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 0.5 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. അതേസമയം, 1.4 ശതമാനമാണ് ദേശീയനിരക്ക്. ഏറ്റവും ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 1.3 ശതമാനമാണ് മരണനിരക്ക്.
അതേസമയം, വളരെ ചിന്തിച്ചു നടപ്പാക്കിയ പദ്ധതികളെ പോലും തകർത്തുകളയാൻ അതിവേഗത്തിൽ രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാമാരിക്ക് കഴിയുമെന്ന് സംസ്ഥാന സർക്കാർവൃത്തങ്ങൾ അംഗീകരിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്ന, സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ ഏറ്റവും വലിയ ആശുപത്രിയില്‍ കോവിഡ് കിടക്കകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമാണ്. ജില്ലയില്‍ കടകമ്പോളങ്ങളെല്ലാം തുറന്നുപ്രവര്‍ത്തിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായതുകൊണ്ടു തന്നെ വ്യാപാര, ബിസിനസ് സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാനാകുമെന്നാണ് സംസ്ഥാന വൃത്തങ്ങൾ അവകാശപ്പെടുന്നത്- റിപ്പോർട്ടിൽ പറയുന്നു.