കഴിഞ്ഞ ഏപ്രിലിൽ മിനിറ്റിൽ 50 ലിറ്റർ, ഈ ഏപ്രിലിൽ 1250 ലിറ്റർ; ഇന്ത്യയിൽ ഓക്സിജൻ മിച്ചമുള്ള ഏക സംസ്ഥാനമായി കേരളം
|ഒരുവർഷം മുമ്പെ ആരംഭിച്ച തയ്യാറെടുപ്പുകളാണ് ഇക്കാര്യത്തിൽ കേരളത്തിന് സഹായകരമായത്
കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ഓക്സിജൻ ക്ഷാമം മൂലം വലയുമ്പോൾ കേരളത്തിലെ സ്ഥിതി വ്യത്യസ്തം. രാജ്യത്ത് ഓക്സിജൻ മിച്ചമുള്ള ഏക സംസ്ഥാനമാണ് ഇപ്പോൾ കേരളം. കഴിഞ്ഞ വർഷം ഏപ്രിലിൽ 50 ലിറ്റർ ഓക്സിജനാണ് സംസ്ഥാനം മിനിറ്റിൽ ഉത്പാദിപ്പിച്ചിരുന്നത് എങ്കിൽ അത് ഈ ഏപ്രിലിൽ 1250 ലിറ്ററാണ്. ഒരുവർഷം മുമ്പെ ആരംഭിച്ച തയ്യാറെടുപ്പുകളാണ് ഇക്കാര്യത്തിൽ കേരളത്തിന് സഹായകരമായത്.
കേരളത്തിൽ പ്രതിദിനം വേണ്ട മെഡിക്കൽ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടൺ ആണ് എങ്കിലും 219.22 മെട്രിക് ടൺ ഉത്പാദിപ്പിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പ്രതിദിനം 149 മെട്രിക് ടൺ ഉത്പാദനശേഷിയുള്ള കഞ്ചിക്കോട് ഐനോക്സ്, ആറ് മെട്രിക് ടൺ ഉത്പാദനശേഷിയുള്ളകേരള ചവറ മിനറൽസ് ആൻഡ് മെറ്റൽസ്, 5.45 മെട്രിക്ടൺ ഉത്പാദനശേഷിയുള്ള കൊച്ചിൻ ഷിപ്യാർഡ്, 0.322 മെട്രിക്ടൺ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ് കേരളത്തിലെ പ്രധാന ഓക്സിജൻ ഉൽപ്പാദകർ. ഇതിന് പുറമേ, 11 എയർ സെപ്പറേഷൻ യൂണിറ്റുകൾ പ്രതിദിനം ഏതാണ്ട് 44 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. നാലു മെട്രിക് ടൺ ശേഷിയുള്ള എഎസ്യു ഈമാസം പാലക്കാട് കമ്മിഷൻ ചെയ്യുന്നുമുണ്ട്.
കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് (പെസോ) സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ വിതരണത്തിന്റെ ഉത്തരവാദിത്വം. ഓക്സിജൻ മിച്ചമുള്ള സാഹചര്യത്തിൽ കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും കേരളം മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്. ഡൽഹിക്ക് ഓക്സിജൻ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇതിന് പുറമേ, ആശുപത്രികളിലെ സംഭരണ സൗകര്യങ്ങളും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓക്സിജൻ സംഭരണ ടാങ്കറുകളുടെ ശേഷി ഇരട്ടിയാക്കി. സംസ്ഥാനത്തെ 32 ആശുപത്രികളിൽ വലിയ സംഭരണ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 16 ആശുപത്രികളിൽ ഒരു കിലോ ലിറ്റർ ടാങ്ക് സ്ഥാപിച്ചിട്ടുമുണ്ട്.