വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസ്; പ്രധാന പ്രതി ആദം അലി പിടിയില്‍
|ചെന്നൈയിൽ നിന്നാണ് ആദമിനെ പൊലീസ് പിടികൂടിയത്
തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രധാന പ്രതി ആദം അലി പിടിയില്‍. ചെന്നൈയിൽ നിന്നാണ് ആദമിനെ പൊലീസ് പിടി കൂടിയത്. പ്രതി കേരളം വിട്ടതായി പൊലീസ് നേരത്തേ അറിയിച്ചിരുന്നു. ആദം അലി ഒറ്റക്കാണ് കൊല നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പ്രതി കിണറ്റിലിടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്‍റെ ഭാര്യ മനോരമയെ (68) ആണ് കഴിഞ്ഞ ദിവസം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു. മൃതദേഹത്തിൽ തുണികൊണ്ട് ഇറുക്കിയ പാടുകളുണ്ട്.
അതേസമയം ഇന്നലെ വൈകിട്ട് മനോരമയുടെ വീട്ടിൽ നിന്നും വലിയ ശബദം കേട്ടിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞാൽ മാത്രമേ വ്യക്തതവരൂ എന്ന് പൊലീസ് പറഞ്ഞു.