Kerala
school
Kerala

കുട്ടികളില്ലാത്ത സ്കൂളുകൾ തുടരേണ്ടതില്ല; ഖാദർ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശിപാർശ

Web Desk
|
8 Aug 2024 4:29 AM GMT

ഇത്തരം സ്കൂളുകളുടെ കണക്കെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് നിർദേശം

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കണമെന്ന സർക്കാർ നിലപാടിനെ തള്ളി ഖാദർ കമ്മിറ്റി റിപ്പോർട്ട് നിർദേശം. പഠിക്കാൻ കുട്ടികളെ കിട്ടാത്ത സ്കൂളുകൾ പ്രവർത്തനം തുടരേണ്ടതില്ലെന്നാണ് ശിപാർശ. ഇത്തരം സ്കൂൾ കെട്ടിടങ്ങൾ കുട്ടികളുടെ കലാ,കായിക,സാംസ്കാരിക പരിശീലനത്തിന് വേണ്ടി പ്രയോജനപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ രംഗത്തുവന്നു.

വിദ്യാർഥികൾ കുറവാണെങ്കിലും ഏതു വിധേനയും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടണം എന്നാണ് സർക്കാരിൻറെ പ്രഖ്യാപിത നിലപാട്. എന്നാൽ ഇതിൽ നിന്ന് വിരുദ്ധമായി കുട്ടികളില്ലാത്ത സ്കൂളുകൾ പ്രവർത്തനം തുടരേണ്ടതില്ലെന്ന് ഖാദർ കമ്മിറ്റി നിർദേശിക്കുന്നു. സാമൂഹികമായുള്ള കൂടിയാലോചനകൾക്ക് ശേഷം വേണം ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി തേടണം. പ്രവർത്തനം അവസാനിപ്പിക്കുന്ന സ്കൂളുകൾ അടച്ച് പൂട്ടി വിദ്യാഭ്യാസേതര കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും റിപ്പോർട്ട് പറയുന്നു. പകരം ഇവ തൊഴിൽ പരിശീലനം, കുട്ടികളുടെ കലാ,കായിക,സാംസ്കാരിക പരിശീലനം എന്നിവയ്ക്കായി പ്രയോജനപ്പെടുത്താം.

പ്രതിസന്ധി നേരിടുന്ന വിദ്യാലയങ്ങളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കണം. കുട്ടികൾ വരുന്ന മുറയ്ക്ക് സ്ഥാപനങ്ങൾ സാധാരണഗതിയിലേക്ക് തിരിച്ചെത്തിക്കാമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം റിപ്പോർട്ടിന്മേൽ വലിയ തർക്കങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. റിപ്പോർട്ട് അപ്രായോഗികമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കേരളം ആരുടെയും പരീക്ഷണശാല അല്ല എന്നും വിമർശിച്ചു. വിവിധ അധ്യാപക - വിദ്യാഭ്യാസ സംഘടനകളും റിപ്പോർട്ടിനെ എതിർത്തും പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. വരും ദിവസങ്ങളിലും റിപ്പോർട്ടിലെ ഉള്ളടക്കം വലിയ ചർച്ച ആയേക്കും.



Similar Posts