'ബൂട്ടിട്ട് ചവിട്ടി, കെ.കെ രമ, തിരുവഞ്ചൂർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു'; വാച്ച് ആൻഡ് വാർഡിനെതിരെ സനീഷ് കുമാർ എം.എൽഎ
|പുതിയ എം.എൽ.എമാരും സീനിയറായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരും വരെ ഉപദ്രവിച്ചെന്ന് ആശുപത്രിയിലുള്ള വാച്ച് ആൻഡ് വാർഡ് പറഞ്ഞു.
തിരുവനന്തപുരം: വാച്ച് ആൻഡ് വാർഡുമാർക്കും പ്രതിപക്ഷ അംഗങ്ങൾക്കുമെതിരെ ആരോപണവുമായി സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെ കുഴഞ്ഞുവീണ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ രംഗത്ത്. ഒരു പ്രകോപനവുമില്ലാതെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷ അംഗങ്ങളും വന്ന് ക്രൂരമായ ആക്രമണമാണ് നടത്തിയതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള എം.എൽ.എ മീഡിയവണിനോട് പറഞ്ഞു.
ബൂട്ടിട്ട് ചവിട്ടി, കെ.കെ രമ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്തു. ക്രൂരമായാണ് അവർ പെരുമാറിയത്- അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ എം.എൽ.എമാർ തങ്ങളുടെ നെഞ്ചത്തിടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തെന്നും കൈയേറ്റം ചെയ്തെന്നും ആശുപത്രിയിലുള്ള വാച്ച് ആൻഡ് വാർഡുമാരിൽ ഒരാൾ പറഞ്ഞു.
ഞങ്ങൾക്കും ഇതിൽ അവകാശമുള്ളതാണ് എന്ന് പറഞ്ഞായിരുന്നു അവരുടെ വരവ്. സ്പീക്കറെ ഓഫീസിൽ കടത്തില്ല എന്ന് പറഞ്ഞു. എന്നാൽ അദ്ദേഹത്തെ കടത്തേണ്ട ജോലി ഞങ്ങളുടേതല്ലേ. ഈ സമയത്ത് അവരെല്ലാവരും കൂടി ഞങ്ങളെ ഉപദ്രവിക്കുകയായിരുന്നു. ശരിക്കും ഇടിച്ചു.
പുതിയ എം.എൽ.എമാരും സീനിയറായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരും വരെ ഉപദ്രവിച്ചെന്നും അദ്ദേഹം പറഞ്ഞു. 'തങ്ങൾ പ്രതിരോധം തീർത്ത് നിന്നതേയുള്ളൂ, പക്ഷേ അവർ പെട്ടെന്ന് എഴുന്നേറ്റ് ഉന്തലും തള്ളലും ബഹളവുമായിരുന്നു'- പരിക്കേറ്റ വനിതാ വാച്ച് ആൻഡ് വാർഡ് പ്രതികരിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്. അസാധാരണ പ്രതിഷേധമാണ് നിയമസഭയിൽ നടന്നത്. പ്രതിപക്ഷ എം.എൽ.എമാരും വാച്ച് ആന്‍റ് വാർഡുമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തന്നെ കൈയേറ്റം ചെയ്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
സ്പീക്കർ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സ്ത്രീകൾക്ക് നേരെ അതിക്രമം വർധിക്കുന്നുവെന്ന വിഷയത്തിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ഉമാ തോമസാണ് നോട്ടീസ് നല്‍കിയത്.