'പത്ത് മണിക്ക് പൈസ ശരിയാക്കി വയ്ക്കണം'; അബിഗേലിനായി നാട്, പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തു വിട്ടു
|കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം നമ്പരായ 112ൽ അറിയിക്കണമെന്ന് പൊലീസ്
കൊല്ലം: ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനായി അന്വേഷണം ഊർജിതം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാചിത്രവും ഉടൻ പുറത്തുവിടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ദക്ഷിണ മേഖലാ ഐജി സ്പർജൻകുമാർ, റേഞ്ച് ഡിഐജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം
കുട്ടിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു. സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഈ കാർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാറിന്റെ നമ്പർ വ്യാജമാണെന്നാണ് ഐജി അറിയിച്ചിരിക്കുന്നത്
അതിനിടെ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഇന്നലെ വീണ്ടും ഫോൺകോളെത്തി. പത്ത് ലക്ഷം രൂപ നൽകിയാൽ കുട്ടി പത്ത് മണിക്ക് സുരക്ഷിതയായി വീട്ടിലെത്തുമെന്നാണ് ഫോൺ വിളിച്ച സ്ത്രീ പറഞ്ഞത്. പൊലീസിനെ അറിയിക്കാൻ ശ്രമിച്ചാൽ കുഞ്ഞിന്റെ ജീവന് ആപത്തുണ്ടാകുമെന്നാണ് ഭീഷണി.
ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് വിളിച്ചത് പാരിപ്പള്ളിയിലെ ചായക്കടയിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഓട്ടോയിലെത്തിയ സ്ത്രീയും പുരുഷനും കടയുടമയുടെ ഭാര്യയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. കടയിൽ നിന്ന് ഇവർ പലചരക്ക് സാധനങ്ങളും ബേക്കറിയും വാങ്ങിയതായാണ് വിവരം.
ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്നും 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ പച്ച ചുരിദാറും കറുത്ത ഷാളുമാണ് ധരിച്ചിരുന്നതെന്നും ഇവർ പൊലീസിനെ അറിയിച്ചിരുന്നു. സ്ത്രീ മുഖം മറച്ചിരുന്നതായും ഇവർ വ്യക്തമാക്കിയിട്ടുണ്ട്
കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം നമ്പരായ 112ൽ അറിയിക്കണമെന്ന് പൊലീസ്അറിയിച്ചു. 9946923282, 9495578999 എന്നിവയാണ് ബന്ധപ്പെടാവുന്ന മറ്റ് നമ്പരുകൾ.
ഓയൂർ കാറ്റാടിമുക്കിൽ വെച്ച് ഇന്നലെ വൈകുന്നേരം 4.20ഓടെയാണ് സംഭവമുണ്ടാകുന്നത്. സഹോദരൻ ജൊനാഥനുമൊത്ത് ട്യൂഷന് പോകവേ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരനെയും കാറിൽ കയറ്റാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. സംഘമെത്തിയ വെള്ള കാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിസരത്തുണ്ടെന്നാണ് കുട്ടിയുടെ മൊഴി.