Kerala
പന്തിരിക്കരയിൽ ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഘം ഇടനിലക്കാരനെയും തടവിലാക്കിയതായി സൂചന
Kerala

പന്തിരിക്കരയിൽ ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഘം ഇടനിലക്കാരനെയും തടവിലാക്കിയതായി സൂചന

Web Desk
|
7 Aug 2022 8:16 AM GMT

കണ്ണൂര്‍ സ്വദേശി ജസീലിനെ തടവിൽ വെച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന്

കോഴിക്കോട്: പന്തിരിക്കരയിൽ ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഘം ഇടനിലക്കാരനെയും തടവിലാക്കിയതായി സൂചന. സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വാലിഹിന് കൊല്ലപ്പെട്ട ഇർഷാദിനെ പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശി ജസീലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇർഷാദ് നാട്ടിലെത്തിയ ശേഷം സ്വർണ്ണം കൈമാറാതിരുന്നതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടവിൽ വെയ്ക്കുകയായിരുന്നു.

ജസീലിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ജസീലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ കൊടുവള്ളി സ്വദേശി സ്വാലിഹ് ,ഷംനാദ് എന്നിവർ വിദേശത്തായതിനാൽ അവരെ നാട്ടിലെത്തിക്കുന്നതിനായി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് നടപടി തുടങ്ങി. പൊലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും.

ഇൻറർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് ശ്രമം .സ്വർണ്ണക്കടത്ത് സംഘാംഗങ്ങളായ താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ് എന്നിവരെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ അറസ്റ്റിലായ മുർഷിദിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ സമർപ്പിക്കും.

Similar Posts